മൂന്നാമത് പെരുവനം ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു
തൃശൂര്‍: 2025 ജനുവരി 3, 4, 5 തീയതികളില്‍ പെരുവനത്തു നടക്കുന്ന മൂന്നാമത് പെരുവനം അന്തര്‍ദേശീയ ഗ്രാമോത്സവത്തിന്റെ ലോഗോ ദുബായില്‍ നടന്ന കേരളോത്സവച്ചടങ്ങില്‍ വെച്ച് സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് പ്രശസ്ത വാദ്യകലാകാരനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കു നല്‍കി പ്രകാശനം ചെയ്തു. കലര്‍പ്പുകള്‍ എന്നതാണ് ഇത്തവണത്തെ പെരുവനം ഗ്രാമോത്സവത്തിന്റെ ഇതിവൃത്തമെന്ന് ചടങ്ങില്‍ സംസാരിച്ച പെരുവനം ഗ്രാമോത്സവ സംഘാടകരായ സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യ കുമാര്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ എഴുത്തുകാര്‍, കലാകാരന്മാര്‍, അക്കാദമിക് പണ്ഡിതര്‍ തുടങ്ങിയവര്‍ ഗ്രാമോത്സവത്തില്‍ പങ്കെടുക്കും.
ഗ്രാമോത്സവത്തിനു മുന്നോടിയായി ചേര്‍പ്പ് വെസ്റ്റിലെ സോപാനം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് നടക്കുന്ന ഗുരുസ്മൃതിയില്‍ കവിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഡോ. പി. നാരായണന്‍ കുട്ടിയെ അനുസ്മരിക്കും. ഡിസംബര്‍ 8ന് രാവിലെ 9:30ന് ആരംഭിക്കുന്ന ഏകദിന സെമിനാറില്‍ ഡോ. പി പവിത്രന്‍, ഡോ കെ എം ഭരതന്‍, ഡോ സി കെ ജയന്തി, ഡോ രചിത രവി, ഡോ സജി മാത്യു, ഡോ പി പി അബ്ദുള്‍ റസാഖ്, ഡോ. ഷിബി കെ, പി എം നാരായണന്‍, വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഏഴ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ ഷിബി കെ യുടെ കേരളോല്‍പ്പത്തി ഭാഷ്യങ്ങള്‍: മധ്യകാല കേരള ചരിത്ര രചനകള്‍ വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകം സെമിനാറില്‍ പ്രകാശനം ചെയ്യും. വൈകീട്ട് 5:15ന് ഇന്ത്യയിലെ ആദ്യ ഘടവാദകയായ വിദുഷി സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീതാളതരംഗം പരിപാടിയും അരങ്ങേറും.
ഫോട്ടോ – 2025 ജനുവരി 3, 4, 5 തീയതികളില്‍ പെരുവനത്തു നടക്കുന്ന മൂന്നാമത് പെരുവനം അന്തര്‍ദേശീയ ഗ്രാമോത്സവത്തിന്റെ ലോഗോ ദുബായില്‍ നടന്ന കേരളോത്സവച്ചടങ്ങില്‍ വെച്ച് സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് പ്രശസ്ത വാദ്യകലാകാരനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കു നല്‍കി പ്രകാശനം ചെയ്യുന്നു. ഗ്രാമോത്സവത്തിന്റെ സംഘാടകരായ സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യ കുമാര്‍ സമീപം.