ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
ആലപ്പുഴ: കനത്ത മഴയില്‍ കാഴ്ച മങ്ങിയതാണ് ആലപ്പുഴ കളര്‍കോട് വഴി നടന്ന അപകടത്തിന് കാരണമെന്ന് നിഗമനം. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസും ടവേര കാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ഇവര്‍ സിനിമ കാണുന്നതിനായി ആലപ്പുഴയിലേക്ക് യാത്ര ചെയ്തിരിക്കുകയായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറില്‍ 11 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ആറ് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും ചെറുപരുക്കേറ്റു.
മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.