എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരം; മന്ത്രിമാരും പ്രമുഖരും ആശുപത്രിയിലെത്തി
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ മന്ത്രിമാരും സാഹിത്യ രംഗത്തെ പ്രമുഖരും ആശുപത്രിയിലെത്തി.
സാഹിത്യകാരന്‍ എം.എന്‍. കാരശേരിയും മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും എംടിയുടെ ആരോഗ്യനില ചോദിച്ചു അറിയാനായി ആശുപത്രിയിലെത്തി. ഓക്‌സിജന്‍ സഹായത്തോടെയാണ് എം.ടിയുടെ ചികിത്സ തുടരുന്നതെന്ന് എം.എന്‍. കാരശേരി പറഞ്ഞു. ഡോക്ടര്‍മാര്‍ എല്ലാ സാധ്യമായ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഹൃദയാഘാതം അനുഭവപ്പെട്ടതായും ശ്വാസതടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയില്‍ കഴിയുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.