വയനാട് മാനന്തവാടിയിൽ നരഭോജി കടുവ; വെടിവെച്ച് കൊല്ലാൻ ഉത്തരവ്, പ്രദേശത്ത് നിരോധനാജ്ഞ
തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. ആദ്യം കൂട് വെച്ച് പിടിക്കാനോ മയക്കുവെടി ഉപയോഗിക്കാനോ ശ്രമിക്കുന്നതിനുള്ള നിർദേശമുണ്ടെങ്കിലും ഇത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് നിർദേശം.
സംസ്ഥാനത്ത് ഇതുവരെ വെടിവെച്ച് കൊല്ലാൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പഞ്ചാരക്കൊല്ലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനുവരി 24 മുതൽ 27 വരെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതീയ ന്യായസംഹിത 163 പ്രകാരമാണ് നടപടി. നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു.
പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ 8.30 ഓടെ നടന്ന കടുവയുടെ ആക്രമണത്തിൽ 47 വയസ്സുകാരിയായ രാധ കൊല്ലപ്പെട്ടു. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം റിപ്പോർട്ട് ചെയ്തതോടെ പ്രദേശവാസികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ. കേളുവിനെതിരെയും നാട്ടുകാർ കടുത്ത രോഷം പ്രകടിപ്പിച്ചു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ കൈമാറിയതായി അധികൃതർ അറിയിച്ചു.
രാധ വനംവകുപ്പ് താത്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായിരുന്നു. അനീഷും അജീഷും എന്നിവർ മക്കളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ എട്ട് പേരാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്.