KeralaLatest NewsWellness

ഭിന്നശേഷിക്കാരുടെ അവിശ്വസനീയ വിജയകഥകളുമായി എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോയ്ക്ക് തുടക്കം.

സ്വപ്‌ന കാല് കൊണ്ടും സുനിത വായ കൊണ്ടും ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. വായ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടിയ സുനിത ത്രിപ്പാണിക്കര, കാല് കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിന്‍ എന്നിവര്‍ എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോ എന്നെഴുതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഡോ. പി. ടി. ബാബുരാജന്‍, കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്ര ഐ. പി. എസ്. എന്നിവര്‍ മുഖ്യാതിഥികളായി.

സാധാരണക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും അവസരങ്ങളും ഭിന്നശേഷിക്കാര്‍ക്കുമുണ്ടെന്നതില്‍ ഊൗന്നിക്കൊണ്ട് ഭിന്നശേഷിക്കാര്‍ക്കും തുല്യനീതി ഉറപ്പുവരുത്താനുള്ള ശ്രമം കൂടിയായാണ് ഈ എക്‌സ്‌പോ വിലയിരുത്തപ്പെടുന്നതെന്ന് ഡോ. പി. ടി ബാബുരാജന്‍ പറഞ്ഞു. തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കൊണ്ടൊന്നും ഭിന്നശേഷിക്കാര്‍ പരാജയപ്പെടുകയില്ലെന്ന് ഈ പ്രദര്‍ശനം തെളിയിക്കുന്നു. ഇവിടുത്തെ സ്റ്റാളുകള്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ചിത്രം വരച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച രണ്ട് പേരുടെയും കഴിവുകള്‍ ആകര്‍ഷണീയമാണെന്ന് ലോക്‌നാഥ് ബഹ്ര അറിയിച്ചു. പ്രൊഫഷണല്‍ ചിത്രകാരികളെ പോലെയാണ് ഇരുവരും ചിത്രങ്ങള്‍ക്ക് സ്‌ട്രോക്ക് കൊടുത്തത്. ഇതുപോലെ കഴിവുള്ള നിരവധി പേരുടെ കലാസൃഷ്ടികളും ഉല്‍പ്പന്നങ്ങളുമാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌നയുടെയും സുനിതയുടെയും ചിത്രങ്ങള്‍ കൂടാതെ സി കെയര്‍ ബെഡ് റീക്ലെയ്‌നര്‍ അവതരിപ്പിക്കുന്ന കിടപ്പ് രോഗികള്‍ക്കുള്ള സെല്‍ഫ് ഓപ്പറേറ്റഡ് ബാക്ക് റസ്റ്റ്, മെഗറ റോബോട്ടിക്‌സ് ഫോര്‍ ഹ്യൂമാനിറ്റി അവതരിപ്പിക്കുന്ന സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന വീല്‍ചെയറുകള്‍, സംസാരശേഷി നഷ്ടമായവര്‍ക്ക് കണ്ണുകള്‍ കൊണ്ട് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഉപകരണം തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശനത്തിലുണ്ട്. കാഴ്ച ശേഷിയില്ലാത്ത സംരഭക ഗീത സലീഷിന്റെ ഗീതാസ് ഹോം ടു ഹോം വികസിപ്പിച്ചെടുത്ത കുര്‍ക്കു മീല്‍, മഞ്ഞള്‍ പൊടി, ഫസ്റ്റ് ഡ്രിങ്ക് എന്നീ ഉല്‍പ്പന്നങ്ങളും ഇവിടെയുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളിലായി പാട്ടത്തിനെടുത്ത തോട്ടങ്ങളില്‍ കൃഷി ചെയ്ത മഞ്ഞള്‍ കൊണ്ട് തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളാണ് ഗീതയുടെ കമ്പനി നിര്‍മിക്കുന്നത്.

ബെത്‌ലഹേം അഭയഭവനിലെ മാനസിക വെല്ലുവിളി നേരിടുന്നവര്‍ നിര്‍മ്മിച്ച വിവിധതരം ഉല്‍പ്പന്നങ്ങള്‍, കൃത്രിമബുദ്ധിയുടെ സഹായത്തോടെ മാനസിക വെല്ലുവിളി നേരിടുന്നവരെ പഠിക്കാന്‍ സഹായിക്കുന്ന കൊഗ്നിറ്റി ആപ്പ്, തലച്ചോറിന് വ്യായാമം നല്‍കാന്‍ സഹായിക്കുന്ന കോയെക്‌സിന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍, തൃശൂര്‍ വിഭിന്ന വൈഭവ വികസന വേദി നിര്‍മ്മിച്ച വിവിധതരം ഉല്‍പ്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. കാലിന് സ്വാധീനമില്ലാത്തവര്‍ക്ക് ഓടിക്കാനാകും വിധം മാറ്റം വരുത്തിയ ഓട്ടോ റിക്ഷയാണ് മറ്റൊരു ആകര്‍ഷണം. കാലിന് സ്വാധീനമില്ലാത്ത കൂവപ്പള്ളി സ്വദേശി ലിജുമോന്‍ ഫിലിപ്പാണ് തന്റെ സ്റ്റാര്‍ടെക് എന്‍ജിനിയറിംഗ് എന്ന സ്ഥാപനത്തിലൂടെ ഇത് വികസിപ്പിച്ചെടുത്തത്. കൊച്ചിയില്‍ അഞ്ച് ഓട്ടോറിക്ഷകള്‍ താന്‍ വികസിപ്പിച്ചെടുത്ത ഓട്ടോ ഹാന്‍ഡില്‍ ഉപയോഗിച്ച് ഓടുന്നുണ്ടെന്ന് ലിജുമോന്‍ പറയുന്നു. ഭിന്നശേഷി കലാകാരനായ എം. ആര്‍ രതീഷിന്റെ പോട്രെയ്റ്റ് ചിത്രങ്ങള്‍, പെന്‍സില്‍ ഡ്രോയിംഗുകള്‍ തുടങ്ങിയവയും ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ വലിയ തോതിലുള്ള വിലക്കുറവിലാണ് ഇവിടെ വിപണനം ചെയ്യുന്നത്.

വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം. ഇത്തരമൊരു പ്രദര്‍ശനം രാജ്യത്ത് ആദ്യമായാണെന്ന് വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. അംഗപരിമിത സൗഹാര്‍ദമായിട്ടാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ അംഗപരിമിതരും അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പങ്ങള്‍ വിപണനം ചെയ്യുന്നവരും പൊതുജനങ്ങളും പ്രദര്‍ശനം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. സമ്മേളനങ്ങള്‍, സെമിനാറുകള്‍, ബിസിനസ് അവാര്‍ഡ്, പ്രഗത്ഭര്‍ക്ക് ആദരവുകള്‍ എന്നിവയും തൊഴില്‍ അന്വേഷകര്‍ക്കായി മിനി ജോബ് ഫെയര്‍, ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാട്രിമോണിയല്‍ മീറ്റ്, കലാമേളകള്‍, സാംസ്‌കാരിക സംഗമങ്ങള്‍ എിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് (ഫെബ്രു 1) വൈകിട്ട് ആറ് മണിക്ക് വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടി അരങ്ങേറും. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇനിയുള്ള രണ്ട് ദിവസങ്ങളിലായി പ്രദര്‍ശനം സന്ദര്‍ശിക്കും. നാളെ (ഫെബ്രു. 2) വൈകിട്ട് നാല് മണിക്ക് നടക്കു സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button