ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ പോളിങ് മന്ദഗതിയിൽ.

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ പോളിങ് മന്ദഗതിയിൽ. 11 മണിവരെ 19.95 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്. രാഷ്ട്രപതിയടക്കമുള്ള പ്രമുഖർ ആദ്യമണിക്കൂറുകളിൽ തന്നെ വോട്ടുചെയ്തു.
ഡല്‍ഹിയിലെ ശൈത്യത്തെയും തോല്‍പ്പിച്ച തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം പോളിങ് ബൂത്തുകളിലില്ല. ശൈത്യം ആദ്യമണിക്കൂറുകളിലെ പോളിങ്ങിനെ സാരമായി ബാധിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതി ജഗദീപ് ധൻകറും ആദ്യമണിക്കൂറുകളില്‍തന്നെ വോട്ടുരേഖപെടുത്തി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ വോട്ടുചെയ്യാൻ പ്രധാനമന്ത്രി ആഹ്വാനംചെയ്തു.
മുന്‍ മുഖമന്ത്രി അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും മണ്ടിഹൗസിലെ ബൂത്തില്‍ വോട്ടുചെയ്തു. നുണയുടെയും ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് കേജ്രിവാള്.
മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയില്‍ വോട്ടുരേഖപ്പെടുത്തി. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ അമിത പൊലീസ് സാന്നിധ്യമുണ്ടെന്നും വോട്ടർമാരെ ഭയപ്പെടുത്താനാണ് ശ്രമമെന്നും ആം ആദ്മി ആരോപിച്ചു. രാഹുല്‍ ഗാന്ധിയും സോണിയും നിര്മാണ് ഭവനിലെ ബൂത്തില്‍ വോട്ടുചെയ്തു. പ്രിയങ്കഗാന്ധി കുടുംബസമേതമാണ് വോട്ടുചെയ്യാനെത്തിയത്.
ഡൽഹിയിൽ ബിജെപി സർക്കാർ ഉണ്ടാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ അവകാശപ്പെട്ടു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തുടങ്ങിവരും വോട്ടുചെയ്തു. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ഡല്‍ഹിയില്‍ ജനവിധി തേടുന്നത്. വരും മണിക്കൂറില്‍ പോളിങ് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.