AssociationsLatest NewsNewsPoliticsUpcoming Events

ഫൊക്കാനാ ഇലക്ഷന്‍ ജൂലൈ 19 വെള്ളി, 10 മുതല്‍ 3 വരെ.

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ തിരഞ്ഞെടുപ്പിന് വാഷിംഗ്ടണിൽ കണ്‍വെന്‍ഷന്‍ ഒരുങ്ങിയിരിക്കുന്നു.

കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് ജനറല്‍ കൗണ്‍സില്‍ ശേഷം 10 മണിക്ക് തെരഞ്ഞെടുപ്പ് ആരംഭിക്കും. 3 പ്രസിഡന്റ് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ 80 പേര്‍ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കും. 80 അംഗസംഘടനകളെ പ്രതിനിധീകരിച്ച് 700 ഓളം ഡെലിഗേറ്റുകളാണ് വിജയികളെ നിർണയിക്കുന്നത്. 3 മണി വരെ വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. ഡെലിഗേറ്റ് ലിസ്റ്റിൽ പേരുള്ള വോട്ടർമാർക്ക് മാത്രമേ വോട്ടിംഗിൽ പങ്കെടുക്കാൻ കഴിയൂ.

ഐഡന്റിഫിക്കേഷൻ കാണിച്ച ശേഷം വോട്ടിംഗ് ഹാളിൽ പ്രവേശനം ലഭിക്കുന്നതിനായി ലോ-എൻഫോഴ്‌സ്‌മെന്റ് പ്രതിനിധികൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് ഹാളിലെ തിരക്ക് ഒഴിവാക്കാനായി മൊത്തം ഡെലിഗേറ്റുകളെ 3 ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രസിദ്ധമായ ഒരു പ്രഫഷണല്‍ തെരഞ്ഞെടുപ്പ് കമ്പനിയാണ് ഇലക്ഷൻ നടത്തുകയും ഫലം നിർണയിക്കുകയും ചെയ്യുന്നത്. സ്ഥാനാര്‍ഥികളുടെ പ്രതിനിധികൾക്ക് വോട്ടിംഗ് ഹാളിൽ നിന്ന് മുഴുവൻ വോട്ടിംഗ് പ്രക്രിയയും നിരീക്ഷിക്കാൻ അവസരം ലഭിക്കും.

തങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്ക് നിർദേശിച്ചിട്ടുള്ള ബോക്സിൽ വോട്ട് ചെയ്ത് (ബോക്സ് ഫിൽ ചെയ്യണം) ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കണം. സ്‌കാൻ ചെയ്യേണ്ടതിനാൽ ബാലറ്റ് മടക്കാന്‍ പാടില്ല. ഓരോ സ്ഥാനത്തിനും നിർദേശിച്ചിട്ടുള്ള പൊസിഷൻസിൽ കൂടുതലായി വോട്ട് ചെയ്താൽ ആ പൊസിഷനിലെ വോട്ട് അസാധുവാകും. ഉദാഹരണത്തിന്, കമ്മറ്റി മെമ്പർ യു.എസ്.എ.ക്കു 15 പൊസിഷനുകളാണ് ഉള്ളതെന്നു ബാലറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 15 പേരിൽ കൂടുതലായി വോട്ട് ചെയ്താൽ ആ സ്ഥാനത്തേക്കുള്ള വോട്ട് അസാധുവാകും.

3 മണിക്ക് വോട്ടിംഗ് അവസാനിക്കുമ്പോള്‍ ലൈനിൽ ശേഷിക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ കഴിയും.

തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്, മത്സരിക്കുന്ന 3 പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലീലാ മാരേട്ട്, ഡോ. കലാ ഷാഹി, സജിമോൻ ആന്റണി എന്നിവരെയും, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജി പോത്തൻ എന്നിവരെയും ഉൾപ്പെടുത്തി ഇലക്ഷൻ കമ്മറ്റി ഒരു യോഗം വിളിച്ചു. മത്സരാര്‍ഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഫൊക്കാന തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്താന്‍ എല്ലാ മുന്‍ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, മെമ്പര്‍ റായ് ജോര്‍ജ് വര്‍ഗീസ്, ജോജി തോമസ് എന്നിവര്‍ അറിയിച്ചു.

Show More

Related Articles

Back to top button