ഗ്രേറ്റർഹ്യൂസ്റ്റൺ, ഹരിക്കെയിൻ “ബറൽ”, എന്ന മഹാ പ്രകൃതിദുരന്തത്തിൽ നിന്നും മുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ഹ്യൂസ്റ്റൺ: ഈ കഴിഞ്ഞ ജൂലൈ 7 മുതൽ 8 വരെ, ടെക്സസിലെ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഭാഗത്ത് ആഞ്ഞടിച്ച കൊടിയ കൊടുങ്കാറ്റിലും പേമാരിയിലും പെട്ടു സാധാരണ ജനജീവിതം പരിപൂർണ്ണമായി സ്ഥംപന അവസ്ഥയിലായി എന്ന് പറയാം. ഹരികൈൻ ബറൽ അതിശക്തമായി സംഹാരതാണ്ഡവമാടി. കൊടുംകാറ്റിൽ പല വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ ഒടിഞ്ഞു. വീടുകളുടെ, വൈദ്യുതി, ഇലക്ട്രോണിക്, സിഗ്നൽ ഗതാഗത കമ്പികളുടെയും മീതെ വീണു. റോഡുകൾ തോടുകൾ നദികൾ നിറഞ്ഞൊഴുകി. ഓഫീസുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സാധനങ്ങൾക്കായി ജനം നെട്ടോട്ടമോടി. മെയിൻ ഹോസ്പിറ്റലുകൾ ജനറേറ്ററിൽ പ്രവർത്തിച്ചു. ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഇൻറർനെറ്റ് വാർത്ത സംവിധാനങ്ങൾ, ടെലഫോൺ സെൽഫോൺ ടവറുകൾ പ്രവർത്തിച്ചില്ല. അതിനാൽ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടുവാനോ, എമർജൻസി ആവശ്യങ്ങൾക്ക് ആരുമായും ബന്ധപ്പെടുവാനോ സാധിച്ചില്ല. ഓരോ ഭവനങ്ങളും ഒറ്റപ്പെട്ട തുരുത്തുകൾ ആയി മാറി. വൈദ്യുതി എപ്പോൾ വരുമെന്നോ, വാർത്ത വിനിമയ മാർഗങ്ങൾ ഭാഗികമായിട്ട് പോലും എപ്പോൾ പുനസ്ഥാപിക്കുമെന്നുപോലും രണ്ടുദിവസത്തേക്ക് ഒരു അറിയിപ്പു പോലും കിട്ടിയില്ല. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, നേഴ്‌സുമാർ. അടക്കം അവരുടെ പ്രവർത്തനമേഖലകളിൽ, ഹോസ്പിറ്റലുകളിൽ, 24 മണിക്കൂറും, അതിൽ അധികവും നിർബന്ധമായും സേവനം അനുഷ്ഠിക്കേണ്ടിവന്നു.
മെയിൽ പോസ്റ്റൽ പാഴ്സൽ ഡെലിവറി സർവീസുകൾ മൂന്ന് ദിവസത്തേക്ക് ഇല്ലായിരുന്നു. ഫുഡ് ഗ്രോസറി മാർക്കറ്റുകളിൽ നിന്ന്, ആമസോണിൽ നിന്ന്, മൂന്നാല് ദിവസത്തേക്ക് ഡെലിവറിയും നിശ്ചലമായിരുന്നു. പബ്ലിക് ട്രാൻസ്പോർട്ടേഷൻ താറുമാറായി, ഹ്യൂസ്റ്റൺ എയർപോർട്ടുകളിൽ, ജോർജ് ബുഷ് ഇൻറ്റർ നാഷണൽ എയർപോർട്ട് അടക്കം ഏതാണ്ട് മുന്നൂറിൽപരം ഫ്ലൈറ്റുകൾ ആണ് ക്യാൻസൽ ചെയ്തത്. NASA – ബഹിരാകാശ ഗവേഷണ കേന്ദ്രം, SPACE CENTER തുടങ്ങിയവ താൽക്കാലികമായി അടയ്ക്കേണ്ടി വന്നു.
കുട്ടികളും രോഗികളും അതിദുസഹം ആയിട്ട് തന്നെ അഞ്ചാറു ദിവസം കഴിയേണ്ടി വന്നു. ഇത് ഉഷ്ണകാലം ആയതിനാൽ എയർകണ്ടീഷൻ ഇല്ലാതെ എരിപിരി കൊള്ളുന്ന ചൂടിൽ ലക്ഷക്കണക്കിന് ജനങ്ങൾ വീടിനുള്ളിലും വെളിയിലുമായി കഴിയേണ്ടി വന്നു. സ്ഥലത്തെ വിവിധ ദേവാലയങ്ങളിലും, സ്കൂളുകളിലും, ചില ഗവൺമെൻറ് സ്ഥാപനങ്ങളിലും, ജനങ്ങൾക്ക് താൽക്കാലിക ആശ്വാസത്തിനായി കൂളിംഗ് സ്റ്റേഷനുകൾ തുറന്നിരുന്നു. പല ജീവകാരുണ്യ സംഘങ്ങളും സൗജന്യമായ ഭക്ഷണ വിതരണം നടത്തിയതും ജനത്തിന് ഒരല്പം ആശ്വാസം പകരാൻ പര്യാപ്തമായിരുന്നു. ജനറേറ്റർ വച്ച് ഗ്രോസറി കടകൾ, അത്യാവശ്യം ചില ഹോട്ടലുകൾ രണ്ടുദിവസം കഴിഞ്ഞ് തുറക്കുവാൻ ഇടയായത് ജനത്തിന് സഹായമായിരുന്നു. തുറന്ന ഗ്രോസറി കടകളിലും സാധനങ്ങൾക്കു പിടിച്ചുപറിയായിരുന്നു. പല ഫുഡ് സ്റ്റോറുകളിലും സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ റഫ്രിജറേഷൻ ഇല്ലാത്തതിനാൽ കെട്ടുകെട്ടായി പാക്ക് ചെയ്ത് ഗാർബേജിൽ തള്ളുവാനും ഇടയായി. വ്യക്തികൾ വീടുകളിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ആഹാരവും ഇലക്ട്രിസിറ്റിയുടെ അഭാവത്തിൽ ചീത്തയായി എടുത്തു കളയേണ്ടി വന്നു.
വിശാല ഹ്യൂസ്റ്റൺ സിറ്റി ഏരിയയിൽ ഏതാണ്ട് 3 മില്യൻ ജനങ്ങൾക്കാണ് ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ ജീവിക്കേണ്ടി വന്നത്. സെൻട്രൽ പോയിന്റ് എനർജി എന്ന വൈദ്യുതി കമ്പനിയാണ് ഈ ഭാഗത്തെ വൈദ്യുതി വിതരണത്തിന് ഉത്തരവാദിത്തമുള്ള സ്ഥാപനം. ഏതാണ്ട് പന്തീരായിരത്തോളം സെൻട്രൽ പോയിന്റ് എനർജി കമ്പനി തൊഴിലാളികൾ രാപകലില്ലാതെ പണിയെടുത്തിട്ടും വൈദ്യുതി യഥാവസരത്തിൽ ജനങ്ങൾക്കു കൊടുക്കുവാൻ സാധിച്ചില്ല. ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് പുറമേ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മൊത്തമായി ചില ബില്യൺ തുക നാശനഷ്ടങ്ങളാണ് ഈ പെരിയ കൊടുങ്കാറ്റും പേമാരിയും വിതച്ചത്.
ജനലക്ഷങ്ങൾക്കാണ് പവർ നഷ്ടമായത്, ഹോം അപ്ലൈൻസ് കടകൾ തുറന്നപ്പോൾ പതിനായിരക്കണക്കിനാണ് ജനറേറ്ററുകൾ വിറ്റു പോയത്. എന്നാൽ ജനറേറ്ററിൽ നിന്ന് കിട്ടുന്ന വൈദ്യുതിക്കും പരിമിതികൾ ഉണ്ടല്ലോ. ജനറേറ്റർ ഉപയോഗിച്ച് അതിൽ നിന്ന് വരുന്ന കാർബൺ മോണോക്സൈഡും വാതകവും ശ്വസിച്ച് പലരും അവശനിലയിലുമായി. വീടിൻറെ വെളിയിൽ അല്പം ദൂരത്ത് വെച്ച് ജനറേറ്റർ പ്രവർത്തിച്ചിട്ടു പോലും ഈ ലേഖകനും രണ്ടുദിവസത്തേക്ക് ശ്വാസംമുട്ടൽ ഉണ്ടായി. ഏതാണ്ട് ഒരാഴ്ചത്തേക്ക് പുറംലോകത്തെ വാർത്തകൾ വിശദമായി അറിയാൻ ഒരു മാർഗ്ഗവും ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല.
ഗ്രേറ്റർ ഹൂസ്റ്റണിൽ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗർ ലാൻഡ്, സ്റ്റാഫോർഡ്, റിച്ച് മൗണ്ട്, റോസൻ ബർഗ്, കൈതി, ലീഗ് സിറ്റി, പാസഡീന, പെയർലാൻഡ്, സൈപ്രസ്, ഗാൽവേസ്‌റ്റോൺ. സ്പ്രിങ്, എന്നീ സ്ഥലങ്ങളിലും ഹരികൈൻ ബെറിൽ സംഹാര താണ്ഡവം ഉറഞ്ഞുതുള്ളി. പലരും ഇവിടത്തെ ഈ പ്രകൃതി ദുരന്തത്തെ കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം പേമാരി, തുടങ്ങിയ ദുരന്തങ്ങളോടും ഉപമിക്കുകയുണ്ടായി. കേരളത്തിലുള്ളവർക്ക് ഇത്തരം ദുരന്തങ്ങൾ ഒരു പുത്തരിയല്ല. എന്നാൽ അമേരിക്കയിലെ ആധുനിക സൗകര്യങ്ങളിൽ ജീവിച്ചു വരുന്ന മലയാളിക്ക് കേരള പ്രകൃതി ദുരന്തത്തെ ഒക്കെ ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു ഗ്രേറ്റർ ഹൂസ്റ്റണിൽ അപ്രതീക്ഷിതമായി വ്യാപകമായ നാശനഷ്ടം വിതച്ച ഈ കൊടിയ പ്രകൃതിദുരന്തം. ഈ പ്രകൃതിക്ഷോഭത്തിൽ നിന്ന് ഇത്രയധികം ആഘാതവും ദുരിതവും മലയാളികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അനുഭവം പലർക്കും ഒരു പാഠമായിരുന്നു.
പ്രകൃതിഷോഭത്തിൻ ഇത്രയധികം ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ഇവിടെ നമ്മൾക്കു അനുഭവ പെടുന്നുവെങ്കിൽ, മാസങ്ങൾ ആയി മനുഷ്യർ സ്വയം മറ്റു മാനുഷരുടെ മേൽ, യുക്രയിനിലും, പാലസ്റ്റിനിലും മറ്റും അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്ന പൈശാശിക യൂദ്ധ കെടുതികൾ അവിചിന്തനീയം അല്ലേ?
കേരളം വിട്ടാൽ എന്ത് ജോലിയും ചെയ്യാൻ തയ്യാറുള്ള ദിവസക്കൂലിക്കാരായ പല മലയാളികൾക്ക്കൂടെ അഞ്ചാറു ദിവസത്തെ ദിവസക്കൂലി ആണ് ഈ പവർകട്ട് കൊണ്ടും മറ്റുമുണ്ടായത്. ഇവിടത്തെ മിക്ക മലയാളി ഭവനങ്ങളിലും വ്യാപകമായി അടുക്കളത്തോട്ട കൃഷികൾ ഉണ്ട്. അവർക്ക് ഏതാണ്ട് 9 മാസത്തെ ക്ക് വേണ്ടതായ എല്ലാ പച്ചക്കറികളും അവർ തന്നെ ഇവിടെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നു. മറ്റു നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെയൊക്കെ ഈ കൃഷിനാശം അത്ര വലുത് അല്ലെങ്കിലും ഒരു നഷ്ടം തന്നെയാണെന്ന് മലയാളികളായ അടുക്കള തോട്ട കൃഷിക്കാർ അഭിപ്രായപ്പെടുന്നു. പാവയ്ക്ക വെണ്ടയ്ക്ക, ചീനി, ചേന, വഴുതനങ്ങ, മുളക്, വെള്ളരി, മത്തങ്ങ, മുരിങ്ങ, മരച്ചീനി, വാഴ, ഓറഞ്ച്, നാരകം, വിവിധയിനം പയറുകൾ, തുടങ്ങിയ കൃഷികൾ എല്ലാം പന്തൽ തകർന്നു കൊടുങ്കാറ്റിൽ കൂപ്പു കുത്തി. ഇവരെല്ലാം നാട്ടിൽ ആയിരുന്നെങ്കിൽ അടുക്കളത്തോട്ട പച്ചക്കറി എന്നല്ല ഒരു പക്ഷേ ഒരു കൃഷിയും മടി പിടിച്ചോ എന്തോ അവിടെ ചെയ്തെന്ന് വരികയില്ലായിരുന്നു. നാട് വിടുമ്പോഴാണ് എല്ലാവരും വിദേശത്ത് എത്തിയാൽ എന്ത് പണിയും ചെയ്യാൻ തയ്യാറാകുന്നതു.. അതുമാതിരി വിദേശത്ത് വീട്ടുവളപ്പിൽ ഒരു സെൻറ് സ്ഥലം മാത്രം ഉണ്ടെങ്കിൽ പോലും അവിടെയും കൃഷി ചെയ്ത് കനകം വിളയിക്കാൻ മലയാളി തയ്യാറാകും. നാട്ടിലായിരുന്നെങ്കിൽ എത്ര സ്ഥലം ഉണ്ടായാലും മടിപിടിച്ച് ഒന്നും ചെയ്യാതെ ഇരുന്നിട്ട് മറ്റു സ്റ്റേറ്റുകളിൽ നിന്ന് വിഷം അടിച്ച പച്ചക്കറികൾ തീവിലകൊടുത്ത വാങ്ങാനും അവർക്ക് മടി ഉണ്ടാകാറില്ല. എന്നാൽ ഇവരെല്ലാം വിദേശത്ത് എത്തിക്കഴിഞ്ഞാൽ അവിടുത്തെ പുതിയ ആകാശവും ഭൂമിയും പുതിയ ചുറ്റുവട്ടവും കാണുമ്പോൾ ഇത്തരം കൃഷികൾ മാത്രമല്ല എന്ത് ജോലിയും ചെയ്യാൻ തയ്യാറാകും. അപ്രകാരം ഊർജ്ജസ്വലരായ ഇവിടത്തെ മലയാളികൾക്കും ഈ കൊടുങ്കാറ്റ് ഒരുതരത്തിലുള്ള ഭീമമായ ഒരു കൃഷിനാശവും മലയാളിക്കു വരുത്തിവെച്ചു.
തൊടുപുഴ മൂവാറ്റുപുഴ കോതമംഗലം ഏരിയയിലെ പൈങ്ങോട്ടൂർ എന്ന മലയോര പ്രദേശത്ത് ഒരു ചെറുകിട കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഈ ലേഖകൻ അമേരിക്കയിൽ എത്തിയിട്ട് 50 വർഷമായിട്ടും ഇപ്പോഴും ഇവിടെ എല്ലാവർഷവും ചെറുകിട അടുക്കള തോട്ടകൃഷി നടത്താറുണ്ട്. എല്ലാവരുടെയും എന്നപോലെ ഇപ്രാവശ്യം ഇവിടെ ആഞ്ഞടിച്ച ഈ കൊടുങ്കാറ്റിന്റെ ആഘാതത്തിൽ ഈ ലേഖകനും വ്യാപകമായ കൃഷിനാശം ഉണ്ടായി. പുരപ്പുറത്ത് തന്നെ ഒരു മരം കടപുഴകി വീണു.ആളപായം ഒന്നും ഉണ്ടായില്ല എന്ന് മാത്രം.
ദുരന്ത ഭൂമിയിൽ നിന്ന് ഈ വാർത്തകളും അവലോകനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് വൈദ്യുതി ഏതാണ്ട് 90% ഭവനങ്ങളിലും സ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. അതിനാൽ ജനജീവിതം സാവധാനം പഴയ പടി ആയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ നാശനഷ്ടങ്ങളുടെയും മറ്റും കണക്കെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. അറ്റകുറ്റപ്പണികളും തിരുതക്രിതിയായി ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നു. ദുരന്തഭൂമിയിൽ നിന്നുള്ള ഈ വാർത്തകളും, വിലയിരുത്തലുകളും അവലോകനങ്ങളും തൽക്കാലം ഇവിടെ പര്യവസാനിപ്പിക്കുന്നു.
(എ. സി. ജോർജ് )