പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് ട്രംപ് വഴങ്ങി
വാഷിംഗ്ടണ്‍ ഡിസിഃ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ നിന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് പേടിച്ച് ഓടിയൊളിച്ചെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന്റെ മൂര്‍ച്ചയേറിയ വിമര്‍ശനം മര്‍മത്തു കൊണ്ടു. സെപ്റ്റംബര്‍ 10ലെ രണ്ടാം സംവാദത്തില്‍ പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചു. ഇതോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി.
ജൂണ്‍ 27ന് അറ്റ്‌ലാന്റയില്‍ സിഎന്‍എന്‍ ചാനല്‍ സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സംവാദത്തില്‍, ആരോഗ്യപ്രശ്‌നങ്ങളുള്ള ബൈഡനെ അനായാസം മലര്‍ത്തിയടിക്കാന്‍ ട്രംപിന് കഴിഞ്ഞു. നിരവധി കേസുകളും ആരോപണങ്ങളും ആക്ഷേപങ്ങളുമുള്ള ട്രംപിനെതിരേ അവയൊന്നും ആയുധമാക്കാന്‍ ബൈഡനു സാധിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറുകയും ചിന്തകള്‍ മുറിയുകയും ചെയ്തു. സംവാദം കഴിഞ്ഞ ഉടനേ ബൈഡന്‍ മത്സരരംഗത്തുനിന്ന് പിന്മാറണം എന്ന് ന്യൂയോര്‍ക്ക് ടൈംസ് ആവശ്യപ്പെട്ടു. ഗാര്‍ഡിയന്‍ പത്രം ട്രംപ് പറഞ്ഞ നുണക്കഥകളുടെ ഫാക്ട് ചെക്കിംഗ് നടത്തി. 1960 മുതല്‍ നടന്നുവരുന്ന പ്രസിഡന്റ് സംവാദങ്ങളില്‍ ഏറ്റവും മോശപ്പെട്ടതായിരുന്നു ഈ സംവാദം. അന്നു പരസ്പരം ഹസ്തദാനംപോലും നടത്താതെയാണ് ഇരുവരും പിരിഞ്ഞത്.
81 വയസുള്ള ദുര്‍ബലനായ ബൈഡനെ നേരിടുന്നതുപോലെ ആയിരിക്കില്ല കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറലും അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ നേരിടുന്നതെന്ന് ട്രംപിന് അറിയാം. അതുകൊണ്ട് അദ്ദേഹം രണ്ടാം സംവാദത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. എബിസി ന്യൂസ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാം സംവാദം ബൈഡനുമായി നടത്താനാണ് താന്‍ സമ്മതിച്ചത് എന്നാണ് ട്രംപ് പറഞ്ഞ ന്യായം. ബൈഡന്‍ ഇല്ലാത്തതിനാല്‍ അതിനു പകരം സെപ്റ്റംബര്‍ 4ന് ഫോക്‌സ് ന്യൂസ് സ്‌പോണ്‍സര്‍ ചെയ്യുന്ന സംവാദത്തിന് ട്രംപ് കമലയെ ക്ഷണിച്ചു. കടുത്ത ട്രംപ് അനുഭാവം പ്രകടപ്പിക്കുന്ന ഫോക്‌സ് ചാനല്‍ തയാറാക്കുന്ന സംവാദം തനിക്ക് അനുകൂലമായിരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ ആ കെണിയില്‍ വീഴില്ലെന്നാണ് കമലയുടെ പക്ഷം. ട്രംപ് പേടിച്ച് ഒളിച്ചോടുകയാണെന്ന് കമല പ്രചാരണം നടത്തി. തുടര്‍ന്നാണ് അദ്ദേഹത്തിനു വഴങ്ങേണ്ടി വന്നത്.
അഞ്ചു കോടിയിലധികം പേരാണ് സിഎന്‍ എന്നും 16 ചാനലുകളും സജീവ സംപ്രേഷണം ചെയ്ത ആദ്യത്തെ സംവാദം കണ്ടത്. തുടര്‍ന്ന് വിപുലമായ ചര്‍ച്ചകള്‍ നടന്നു. ഇവ 60 ശതമാനത്തിലേറെ വോട്ടര്‍മാരെ സ്വാധീനിക്കുന്നവയാണ് എന്നാണ് വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നത്. വലിയ വാര്‍ത്താ കവറേജ് ലഭിക്കുമെന്നതിനപ്പുറം അത്ര വലിയ സ്വാധീനമൊന്നുമില്ലെന്നു കരുതുന്നവരുമുണ്ട്. 2016ല്‍ നടന്ന മൂന്നു സംവാദങ്ങളില്‍ മിന്നിത്തിളങ്ങിയത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ ആയിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഡോണള്‍ഡ് ട്രംപ് ആയിരുന്നു.
പി.ടി. ചാക്കോ