ചിക്കാഗോ: ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയാകാനുള്ള തൻ്റെ നാമനിർദ്ദേശം ടിം വാൾസ് ഔദ്യോഗികമായി സ്വീകരിച്ചു. ചിക്കാഗോയിൽ നടക്കുന്ന പാർട്ടി ദേശീയ കൺവെൻഷന്റെ മൂന്നാം ദിവസം ബുധനാഴ്ച വാൾസ് മുഖ്യപ്രഭാഷണം നടത്തി.
“യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഇന്നിവിടെ നാം ഒരുമിച്ച് നിലകൊള്ളുന്നത് നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്,” വാൾസ് പ്രസംഗിച്ചു.
കമലാ ഹാരിസിനും ജോ ബൈഡനുമുള്ള നന്ദി വാൾസ് പ്രകടിപ്പിച്ചു. “നാലുവർഷം രാജ്യത്തിനായി പ്രവർത്തിച്ച കമലാ ഹാരിസിന്, പ്രസ്തുത കാലയളവിൽ പ്രചോദനമായ ജോ ബൈഡനോട് എന്റെ ഹൃദയപൂർവ്വം നന്ദി. എന്റെ വിദ്യാർത്ഥികൾ എന്നെ ഈ മത്സരത്തിനായി പ്രേരിപ്പിച്ചു. ഒരു പബ്ലിക് സ്കൂൾ ടീച്ചറെ ഒരിക്കലും വിലകുറച്ച് കാണരുത്,” വാൾസ് കൂട്ടിച്ചേർത്തു.
കൺവെൻഷനിൽ വാൾസിനൊപ്പം മുൻ പ്രസിഡൻറ് ബിൽ ക്ലിന്റൺ, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും. ബുധനാഴ്ചത്തെ കൺവെൻഷന്റെ തീം “നമ്മുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം” എന്നതായിരുന്നു.