വാഷിങ്ടൺ: പ്രസിഡന്റ് ജോ ബൈഡനെതിരെ ഡോണൾഡ് ട്രംപിന്റെ വിമർശനം ഡിബേറ്റിലുടനീളം തുടരുകയായിരുന്നു. ബൈഡൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണെന്നും, രാജ്യത്തെ തകർക്കുന്നതിൽ ബൈഡൻ പ്രധാന പങ്കുവഹിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
എന്നാൽ താൻ ബൈഡനെയല്ല, കമല ഹാരിസിനെയാണ് നേരിടുന്നതെന്ന് ട്രംപിന് ഓർമ്മപ്പെടുത്തിക്കൊണ്ട്, കമല ഹാരിസ് ശക്തമായ വിമർശനം ഉയർത്തി. “നിങ്ങൾ ബൈഡനെതിരെ മത്സരിക്കുന്നില്ല, എനിക്കെതിരെയാണ്,” എന്ന് ഹാരിസ് പരിഹസിച്ചു.
കമലയെ പരിഹസിച്ചുകൊണ്ട്, “നിങ്ങൾ ബൈഡൻ തന്നെയല്ലേ?” എന്ന് ട്രംപ് ചോദിച്ചു. മറുപടിയായി, “ഞാൻ ജോ ബൈഡൻ അല്ല. തീർച്ചയായും ഡോണൾഡ് ട്രംപുമല്ല,” എന്നും കമല വ്യക്തമാക്കി.
ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച കമല ഹാരിസിന്റെ നിലപാട് ചർച്ചയിൽ ചൂടുപിടിച്ചതിനിടയിൽ, ട്രംപ് ഇതിന് പ്രതികരിക്കാൻ ഒഴിവാക്കുകയും, ഡെമോക്രാറ്റുകൾ ഇസ്രായേലിനെ വെറുക്കുന്നു എന്ന പഴയ അവകാശവാദം ആവർത്തിക്കുകയും ചെയ്തു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്നു ട്രംപ് അവകാശപ്പെട്ടു, എങ്കിലും അത് എങ്ങനെ എന്ന കാര്യം വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.