AmericaAssociationsBlogNewsStage Shows

എകെഎംജി കണ്‍വന്‍ഷനില്‍  വേറിട്ട കാഴ്ച സമ്മാനിച്ച ‘യെവ്വ’ വിസ്മയ ഷോ

സാന്‍ ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) വാര്‍ഷിക സമ്മേളനത്തിലെ വിസ്മയ ഷോയായിരുന്നു  ‘യെവ്വ’.  ജനനത്തിന്റേയും ജീവിതത്തിന്റേയും യാത്രയായ  നൃത്തസംഗീത പരിപാടി വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്.


അമ്മയുടെ ഉദരത്തില്‍ ഊര്‍ജമായി മാറിയ ‘യെവ്വ’. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തടസ്സങ്ങളില്ലാതെ യാഥാര്‍ത്ഥ്യമാകുന്ന ലോകം അവള്‍ക്ക് വാഗ്ദാനം ചെയ്യാം എന്നു പറയുന്ന നൃത്ത രൂപം. അമ്മയുടെ ഉദരത്തിലെ ജീവന്റെ തുടിപ്പുമുതല്‍ അത് ഭൂമിയിലേക്ക് പതിയുന്നതുവരെയുള്ള നാലുഘട്ടങ്ങളെ വസ്മയകരമായ നാലുഗാനങ്ങളിലൂടെ ചിട്ടപ്പെടുത്തിയതാണ് ‘യെവ്വ’.
ഗര്‍ഭപാത്രത്തില്‍ നേര്‍ത്ത ചലനമായി വളരാന്‍ തുടങ്ങുന്ന ജീവാങ്കുരത്തെ ഏറ്റവും വലിയ യുദ്ധമായി അവതരിപ്പിക്കുന്നതാണ് ആദ്യം. പിന്നീട് ശരീരഭാഗങ്ങള്‍ വളരുന്നത്, വാല്‍സല്യ ഭരിതാം പരസ്പര പ്രണയമായും ജീവന്‍ പുറത്തേക്കുവരുന്നത് മധുരമുള്ള വേദനയായും ആവിഷ്‌ക്കരിക്കുന്നു. വിണ്ണിന്റെ നിറങ്ങളും മണ്ണിന്റെ സുഖവും ആകാശത്തിന്റെ വിസ്മയങ്ങളും കാണാന്‍ ലോകത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള താരാട്ടോടെ ‘യെവ്വ’ യ്ക്ക് തിരശ്ശീല വീഴും.
കാണാക്കടലിലെ അത്ഭുതകാഴ്ച കാണാന്‍ അമ്പിളിമാമനെ തോണിയിയാക്കി പോകുന്ന സ്വപ്‌നങ്ങള്‍ കണ്ടിരുന്നവര്‍ക്കും അത്തരം ഭാവനകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കും പഴയ സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ കടലാസു തോണിയിലെ സുന്ദരയാത്രയായിരുന്നു ‘യെവ്വ’.


ആശയത്തിലും ആവിഷ്‌ക്കരണത്തിലും ഉള്ള പുതുമയും ഉന്നതിയുമാണ് ‘യെവ്വ’ യെ അസാധാരണ കലാരൂപമായി മാറ്റിയത്. ഡോ രഞ്ജിത് പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞതാണ് ‘യെവ്വ’യുടെ ആശയം. സന്തോഷ് വര്‍മ്മ വരികളെഴുതി സംഗീതം നല്‍കിയ ഗാനങ്ങള്‍ക്ക് നൃത്തരുപം നല്‍കിയത് ദിവ്യാ ഉണ്ണിയും സംഘവുമാണ്.


 ആധുനിക സാങ്കേതിക വിദ്യയും പൗരാണിക സങ്കല്പങ്ങളും സംഗീതവും നൃത്തവും സമന്വയിപ്പിച്ച് ഉദാത്ത കലാസൃഷ്ട്രകള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ശ്രദ്ധേയനാണ് ഐ ടി പ്രൊഫഷണല്‍ ആയ രഞ്ജിത് പിള്ള. കെഎച്ച്എന്‍എ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച ‘ജാനകി’ യുടെ വിജയം രഞ്ജിത് പിള്ളക്ക് ‘പ്രവാസികളുടെ സൂര്യ കൃഷ്ണമൂര്‍ത്തി’ എന്ന പേര് നേടിക്കൊടുത്തു.
ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവരുടെ വേഷവിധാനമായ സാരിയില്‍ അവതരിപ്പിച്ച നൂതന സംഗീത നൃത്ത ആവിഷ്‌ക്കാരമായിരുന്നു ‘ജാനകി’. കൈതപ്രം എഴുതി ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 120 മഹിളകള്‍ വേദിയിലെത്തി. പ്രശതസ്ത മോഹിനിയാട്ടം നര്‍ത്തകി ഡോ. ധനുഷ സന്യാല്‍ ചിട്ടപ്പെടുത്തിയ പരിപാടി കാണാന്‍ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ ശ്രീകുമാരന്‍തമ്പി, തെന്നിന്ത്യന്‍ സിനിമയിലെ നായകനടന്‍ മാധവന്‍ എന്നിവര്‍ക്കൊപ്പം സൂര്യകൃഷ്ണമൂര്‍ത്തിയും ഉണ്ടായിരുന്നു.
‘ജാനകി’ ക്കുശേഷം രഞ്ജിത് പിള്ള ആശയാവിഷ്‌ക്കരണം നടത്തിയ പരിപാടിയാണ് ‘യെവ്വ’.

Show More

Related Articles

Back to top button