അമേരിക്കയിൽ സെപ്റ്റംബർ 21ന് നാലാമത് ക്വാഡ് ഉച്ചകോടി
ന്യൂഡൽഹി: നാലാമത് ക്വാഡ് ഉച്ചകോടി സെപ്റ്റംബർ 21ന് അമേരിക്കയിലെ ഡെലവെയറിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന നേതാക്കൾ.
ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) ഉച്ചകോടിയിൽ, ഇന്ത്യ-പസഫിക് മേഖലയിൽ നയതന്ത്രബന്ധം, ആരോഗ്യമേഖല, കാലാവസ്ഥാ വ്യതിയാനം എന്നിവയെ സംബന്ധിച്ച ചർച്ചകൾ നടക്കും.
സെപ്റ്റംബർ 28-ന് യു.എൻ പൊതുസഭയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിസംബോധന ചെയ്യും. മോദിയുടെ പ്രസംഗം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബൈഡൻ, കിഷിദ എന്നിവരുടെ ഭരണകാലാവധിയുടെ അവസാന ക്വാഡ് ഉച്ചകോടിയാണിത്. ബൈഡന്റെ ജന്മനാടായ ഡെലവെയറിനെ വേദിയായി തിരഞ്ഞെടുത്തതും ഈ സാഹചര്യത്തിൽതന്നെയാണെന്ന് സൂചനകളുണ്ട്. 2025-ൽ ഉച്ചകോടി ഇന്ത്യയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.