BlogKeralaLatest NewsNews

രണ്ടാമത് അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന് കൊച്ചിയില്‍ തുടക്കം

മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

ഫെസ്റ്റിവല്‍ ഒക്ടോബര്‍ 5 വരെ

ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, വിയറ്റ്‌നാമില്‍ നിന്നുള്ള ഡാങ് ഹോക്, ഏഷ്യന്‍ കലിഗ്രഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജിന്‍-യങ് എന്നിവര്‍ക്കു പുറമേ, മുംബൈ ജെ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനും കലിഗ്രാഫറുമായ സന്തോഷ് ക്ഷീര്‍സാഗര്‍, ഇന്ത്യന്‍ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു

കൊച്ചി: കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ തുടക്കമായ അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ കലിഗ്രഫി പ്രദര്‍ശനം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി മുഖ്യാതിഥിയായി. മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസ്, ജെയിന്‍ യൂണിവേഴ്‌സിറ്റി ആര്‍ട്ട് ഡിസൈന്‍ ഡി്പ്പാര്‍ട്ട്‌മെന്റ് അസി. പ്രൊഫ. ശ്രദ്ധ സുബ്രഹ്‌മണ്യന്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം ബാലമുരളീകൃഷ്ണന്‍, കലിഗ്രഫര്‍ അക്ഷയ തോംബ്രെ എന്നിവര്‍ പ്രസംഗിച്ചു. കലിഗ്രഫി രംഗത്തെ ആഗോള പ്രതിഭകള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും. കേരള ലളിതകലാ അക്കാദമിയും മലയാളം കലിഗ്രഫിയെ ലോകപ്രശസ്തമാക്കിയ നാരായണ ഭട്ടതിരി നേതൃത്വത്തില്‍, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കചടതപ ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്നത്.

ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, വിയറ്റ്‌നാമില്‍ നിന്നുള്ള ഡാങ് ഹോക്, ഏഷ്യന്‍ കലിഗ്രഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജിന്‍-യങ് എന്നിവര്‍ക്കു പുറമേ,  മുംബൈ ജെ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനും കലിഗ്രാഫറുമായ സന്തോഷ് ക്ഷീര്‍സാഗര്‍, ഇന്ത്യന്‍ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാര്‍, മുംബൈ ഐ.ഐ.റ്റി പ്രഫസറായ ജി.വി.ശ്രീകുമാര്‍, അറബി കലിഗ്രാഫറും അദ്ധ്യാപകനുമായ മുക്താര്‍ അഹമ്മദ്, അഹമ്മദാബാദ് എന്‍ഐഡി അദ്ധ്യാപകനായ തരുണ്‍ ദീപ് ഗിര്‍ധര്‍, പിക്‌റ്റോറിയല്‍ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമര്‍ ഡാഗര്‍, നിഖില്‍ അഫാലെ, ഇങ്കു കുമാര്‍, ഷിപ്ര റൊഹാട്ഗി, സല്‍വ റസൂല്‍, അക്ഷയാ തോംബ്രേ, സഞ്ജനാ ചത്ലാനി, സുരേഷ് വാഗ്മോര്‍, നവകാന്ത് കരിദെ, ഹിറാല്‍ ഭഗത്, ഗോപാല്‍ പട്ടേല്‍, കെ.വി.രജീഷ്, അതുല്‍ ജയരാമന്‍, മുകേഷ് കുമാര്‍, നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള ഇരുപത്തിയൊന്ന് കലിഗ്രാഫര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളും കലിഗ്രഫിപ്രേമികളും ഫെസ്റ്റിവലിന് എത്തിയിട്ടുണ്ട്.

മലയാളം, കന്നഡ, തെലുങ്ക്, ഗുജറാത്തി, ദേവനാഗരി, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ഹീബ്രൂ, വിയറ്റ്‌നാമീസ്, കൊറിയന്‍ എന്നീ കലിഗ്രഫികളുടെ സങ്കീര്‍ണതകളും സൗന്ദര്യവും അടുത്തറിയാനുള്ള അവസരമാണ് ഫെസ്റ്റിവലില്‍ ലഭ്യമാവുകെയന്ന് നാരായണ ഭട്ടതിരി പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായി ശില്പശാലകള്‍, സോദാഹരണപ്രഭാഷണങ്ങള്‍, തത്സമയ ഡെമോകള്‍, അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ ഒക്ടോബര്‍ 4ന് കര്‍ണാടക സംഗീതജ്ഞനായ ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരിയും 3ന് ശ്രീദേവി നമ്പൂതിരിയുടെ നൃത്തവും അരങ്ങേറും. കലിഗ്രഫി ഉള്‍പ്പെടുത്തിയ സംഗീത-നൃത്ത പരിപാടികള്‍, പ്രകടനങ്ങള്‍ എല്ലാം ചേര്‍ന്ന, ലോകമെമ്പാടുമുള്ള പ്രഗത്ഭരായ കലാകാരന്മാരുടെ വാര്‍ഷിക സമ്മേളനമായി ഫെസ്റ്റിവലിനെ മാറ്റാനാണ് ശ്രമമെന്ന് നാരായണ ഭട്ടതിരി പറഞ്ഞു. അടുത്ത 5 വര്‍ഷത്തേക്കുള്ള കലിഗ്രഫിഫെസ്റ്റിവല്‍ കലണ്ടര്‍ പ്രഖ്യാപിക്കാനും എല്ലാ വര്‍ഷവും ഒക്ടോബര്‍ 2-5 തീയതികളില്‍ കലിഗ്രഫി ഫെസ്റ്റിവല്‍ നടത്താനും ഉദ്ദേശ്യമുണ്ട്. കല, സാഹിത്യം, സിനിമ, പരസ്യം തുടങ്ങിയ വിവിധ മേഖലകളില്‍ ആസ്വാദനവും സംവേദനവും കൂടുതല്‍ സമ്പുഷ്ടമാക്കുന്ന, കലാരൂപമാണ് കലിഗ്രഫി അഥവാ അക്ഷരകലയെന്ന് നാരായണ ഭട്ടതിരി പറഞ്ഞു. ശില്പങ്ങളും പെയിന്റിങ്ങുകളും പോലെ, ആധുനിക ലോകത്ത് മൂല്യവത്തായ ഒരു കലാശാഖയായി കലിഗ്രഫി വളര്‍ന്നു കഴിഞ്ഞു. ഇന്ന് കാലിഗ്രഫിയെ ഒഴിവാക്കിക്കൊണ്ട് ഒരു മേഖലയ്ക്കും നിലനില്‍പ്പു സാധ്യമാകാത്ത വിധം കലിഗ്രഫി മാറിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ അരങ്ങേറുന്ന കലിഗ്രഫി ഫെസ്റ്റിവലിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Back to top button