BlogLatest NewsLifeStyleNews

ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ബോധവത്കരണപരിപാടിയുടെ പ്രിവ്യൂ ശ്രദ്ധേയമായി

തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തോടുള്ള നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും സഹതാപമല്ല വേണ്ടത് മറിച്ച് നമ്മളിലൊരാളായികണ്ട് അവരെ ചേര്‍ത്തുപിടിക്കുവാനാണ് ശ്രമിക്കേണ്ടതെന്ന് മുതുകാട് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ കരഘോഷത്തോടെ സദസ് അതേറ്റെടുത്തു.  ഭിന്നശേഷി സമൂഹത്തിനായി മുതുകാട് നടത്തുന്ന ഭാരതയാത്ര-ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് മുന്നോടിയായി ഇന്നലെ (ശനി) ഗണേശത്തില്‍ നടത്തിയ ബോധവത്കരണ ഇന്ദ്രജാല പരിപാടിയാണ് കാണികള്‍ക്ക് അറിവും കൗതുകവുമായത്.  വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയിലെ മിക്കയിനങ്ങളും കാണികളുടെ പങ്കാളിത്തത്തോടെയായത് കൂടുതല്‍ മനോഹരമാക്കി. പൂവിന് മീതെ കമിഴ്ത്തിവച്ച ഗ്ലാസിനെ എറിഞ്ഞുടയ്ക്കുന്നതായി ഭാവിക്കുവാന്‍ മജീഷ്യന്‍ സദസ്സിനോട് ആവശ്യപ്പെട്ടു.  സദസ്യര്‍ അപ്രകാരം ചെയ്തതോടെ വേദിയിലിരുന്ന ഗ്ലാസ് പൊട്ടിത്തകര്‍ന്നു.  ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതിബന്ധങ്ങളെ തച്ചുടയ്ക്കാന്‍ സമൂഹം ഒന്നടങ്കം ശ്രമിക്കണമെന്ന സന്ദേശവുമായി നടത്തിയ ഗ്ലാസ് മാജിക്കായിരുന്നു അത്.  ഇത്തരത്തില്‍ ഭിന്നശേഷി സമൂഹവുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് മാജിക്കിലൂടെ മുതുകാട് അവതരിപ്പിച്ചത് കാണികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി.  
കേരള സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.ജയഡാളി, സൂര്യാകൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.   പരിപാടിക്ക് സാക്ഷ്യം വഹിക്കുവാന്‍ നൂറുകണക്കിന് പേര്‍ എത്തിയിരിക്കുന്നു.

ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭാരതയാത്രയ്ക്ക് (ഞായര്‍) കന്യാകുമാരിയില്‍ തുടക്കം
എന്‍.ദളവായ് സുന്ദരം എം.എല്‍.എ കന്യാകുമാരി ഗാന്ധിമണ്ഡപത്തില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് ഇന്ന് (ഒക്‌ടോബര്‍ 6) കന്യാകുമാരിയില്‍ തുടക്കമാകും.  രാവിലെ 7.30ന് ഗാന്ധി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.ദളവായ് സുന്ദരം എം.എല്‍.എ ഭാരതയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.   നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്‍.മഹേഷ്, പ്രസ് ക്ലബ് സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ പങ്കെടുക്കും.  
തുടര്‍ന്ന് രാവിലെ 11ന് കുമാരകോവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ക്യാമ്പസില്‍ ഭാരതയാത്രയുടെ ബോധവത്കരണ പരിപാടി നടക്കും.  കന്യാകുമാരി കളക്ടര്‍ അഴഗുമീന ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്യും.  എന്‍.ഐ.സി.എച്ച്.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ മന്ത്രി മനോ തങ്കരാജ് അദ്ധ്യക്ഷത വഹിക്കും.  എസ്.പി ഇ.സുന്ദരവദനനം ഐ.പി.എസ് മുഖ്യാതിഥിയാകും. എന്‍.ഐ.സി.എച്ച്.ഇ പ്രൊ ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍ മുഖ്യപ്രഭാഷണം നടത്തും.  എന്‍.ഐ.സി.എച്ച്.ഇ രജിസ്ട്രാര്‍ ഡോ.പി.തിരുമാവളവന്‍ സ്വാഗതവും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നന്ദിയും പറയും. ഭാരതയാത്രയ്ക്കായി ഗോപിനാഥ് മുതുകാട് അടങ്ങുന്ന സംഘാംഗങ്ങള്‍ ഇന്നലെ വൈകുന്നേരം കന്യാകുമാരിയിലേയ്ക്ക് പുറപ്പെട്ടു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും ജീവനക്കാരും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്.  
ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്.  യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.  ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന്  ഡല്‍ഹിയില്‍ യാത്ര അവസാനിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button