AssociationsBlogLatest NewsNews

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വർണാഭമായി

ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വെച്ച് ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി.

സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും കോഓർഡിനേറ്റർമാരായ രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ചെറിയാൻ വി കോശി, അജീഷ് നായർ, വിശാൽ വിജയൻ എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു. രോഹിത് രാധാകൃഷ്ണൻ അമേരിക്കൻ ദേശീയഗാനവും ജിയാ രാജേഷ് വന്ദേമാതരവും ആലപിച്ചുകൊണ്ട് പരിപാടികൾക്ക് പ്രാരംഭം കുറിച്ചു.

പ്രസിഡന്റ് ചെറിയാൻ വി കോശി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനത്തെ വിലയിരുത്തുകയും ക്വീൻസിൽ ഓണത്തിനോടനുബന്ധിച്ചു നടന്ന മത്സര വള്ളം കളിയിൽ വിജയം വരിച്ച ഭാരത് ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

ട്രസ്റ്റീ ബോർഡ് ചെയർമാൻ സജു എബ്രഹാം ടീമംഗങ്ങളെ അനുമോദിക്കുകയും കൂടുതൽ യുവാക്കളെ ടീമിലേക്ക് കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്നു പ്രസിഡന്റ് ചെറിയാൻ വി കോശി, ട്രസ്റ്റി ബോർഡ് ചെയർമാൻ സജു എബ്രഹാം, മുഖ്യാതിഥി ലെജിസ്ലേറ്റർ ഡോ ആനി പോൾ, സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള, ട്രഷറർ വിശാൽ വിജയൻ, ടീം മാനേജർ സാബു വർഗീസ്, ടീം ക്യാപ്റ്റൻ രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

മുഖ്യാതിഥി ഡോ. ആനി പോൾ തന്റെ പ്രസംഗത്തിൽ ഭാരത് ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹവും സമൂഹത്തിലെ എല്ലാ ആളുകളിലും ഐക്യം ഉണ്ടാകുവാൻ ഒരു കാരണമായിത്തീരുമെന്നും പറഞ്ഞു. റോക്കലാൻഡിൽ ഒരു വള്ളം കളി മത്സരം ഭാരത് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചാൽ അതിനു വേണ്ട എല്ലാ സഹായവും ചെയ്തു തരാമെന്ന് അവര്‍ ഉറപ്പ് നൽകി.

ജിയ രാജേഷ്, ജയകുമാർ, രജനി ജയകുമാർ എന്നിവർ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചപ്പോള്‍ ജയപ്രകാശ് നായർ ഒരു കവിതയുമായി രംഗത്തു വന്നു. ന്യൂജേഴ്സിയിൽ നിന്നുള്ള പ്രഭ ഹരിയും ടീമും, ഗീതാഞ്ജലി വിശാൽ, ശിൽപ്പ രാധാകൃഷ്ണൻ, ഇവാനിയ, അമേലിയ എന്നിവരുടെ നൃത്തനൃത്യങ്ങളും സദസ്സിന്റെ മനം കവർന്നു.

നടൻ, മിമിക്രി കലാകാരൻ, നാടൻ പാട്ടുകാരൻ എന്നീ നിലകളിൽ സുപ്രസിദ്ധനായ വിപിൻ കുമാർ കാഴ്ച്ച വെച്ച പരിപാടികളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു. അദ്ദേഹവും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ചേർന്ന് കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് പാടിയ നാടൻ പാട്ടുകൾ വളരെ ഹൃദ്യമായിരുന്നു.

രോഹിത് രാധാകൃഷ്ണൻ, നവനീത് കൃഷ്ണരാജ്, ദേവ് ജയകുമാർ, ധീരജ് ജയകുമാർ എന്നിവർ ചേർന്ന് നടത്തിയ മ്യൂസിക്കൽ ബാന്റ് വളരെ മികച്ചതായിരുന്നു.

നാട്ടിലും അമേരിക്കയിലും മത്സര വള്ളം കളികളിൽ പങ്കെടുത്തിട്ടുള്ള ഫ്രാൻസിസ് എബ്രഹാമിനെ വിശാൽ വിജയൻ സദസിനു പരിചയപ്പെടുത്തുകയും, ട്രസ്റ്റീ ബോർഡ് ചെയർമാൻ സജു എബ്രഹാം അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

ധനശേഖരണാർത്ഥം സംഘടിപ്പിച്ച റാഫിൾ നറുക്കെടുപ്പിൽ ജോൺ കുസുമാലയം, സുരേഷ് നായർ, സ്പോൺസർ കൂടിയായ ഗ്ലോബൽ കൊളിഷനിലെ ചാക്കോ, ഹരികൃഷ്ണൻ സി നായർ, കാശിനാഥൻ നായർ എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങൾക്കുള്ള സമ്മാനങ്ങൾ നേടി. മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കോങ്കേഴ്സിലുള്ള ഗ്ലോബൽ കൊളീഷൻ ആൻഡ് ബോഡി വർക്സ് ആയിരുന്നു പ്രധാന സ്പോൺസർ.

ക്യാപ്റ്റൻ രാധാകൃഷ്ണൻ കുഞ്ഞുപിള്ളയുടെ നേതൃത്വത്തിൽ ഭാരത് ബോട്ട് ക്ലബ്ബിന്റെ ടീമിന്റെ വഞ്ചിപ്പാട്ട് പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജോയിന്റ് സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കലിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം എല്ലാവരും ചേർന്നുള്ള ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു. രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഗീതാഞ്ജലി വിശാലും എം സി മാരായി പ്രവർത്തിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button