ന്യൂയോര്‍ക്ക് അസംബ്ലി തിരഞ്ഞെടുപ്പ്; 90-ാം ഡിസ്ട്രിക്ടിൽ മലയാളി സ്ഥാനാർഥി ജോൺ ഐസക് ശ്രദ്ധയാകർഷിക്കുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ 90-ാം ഡിസ്ട്രിക്ട് സീറ്റ് മത്സരത്തിൽ ഇത്തവണ മലയാളി സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ശ്രദ്ധ നേടുന്നു. ജോൺ ഐസക് (ഷിബു) റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത് മലയാളി സമൂഹത്തിൽ ആകർഷണീയമായി. പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും സമുഹത്തിന്റെ പിന്തുണയും ശക്തമായിരിക്കുകയാണ്.
ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ ജോൺ ഐസക്, ഏപ്രിൽ 20ന് പ്രചാരണത്തിനായുള്ള ഫണ്ട് റെയ്‌സിംഗ് ആരംഭിച്ചതുമുതൽ മലയാളി സമൂഹത്തിൽ നിന്നും മികച്ച പിന്തുണ നേടുന്നു. 110 ബ്രെൻഡൻ ഹിൽ റോഡ്, യോങ്കേഴ്‌സിൽ താമസിക്കുന്ന ഐസക്, ഇവിടുത്തുകാർക്കിടയിൽ സുപരിചിതനും ജനസമ്മതനുമാണ്.
ഡിസ്ട്രിക്ടിന്റെ 90 ശതമാനവും മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടെയും സാന്നിധ്യമുള്ളതിനാൽ ഐസക്കിന് വിജയം ഉറപ്പുവരുത്താൻ കമ്മ്യൂണിറ്റിയുടെ പിന്തുണ നിർണായകമാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. പാർട്ടി ചായ്‌വ് മറന്ന് തങ്ങളിൽ ഒരാളെന്ന നിലയിൽ മലയാളി വോട്ടർമാർ ഐസക്കിന് വോട്ടു ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം വെളിപ്പെടുത്തി.
19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ ജോൺ ഐസക്, മെറ്റ്‌ലൈഫ്, മെറിൽ ലിഞ്ച് തുടങ്ങിയ സ്ഥാപങ്ങളിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ ഫോറസ്റ്റ് ഹിൽസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗവും ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രസിഡന്റുമായും പ്രവർത്തിച്ചു വന്നിട്ടുണ്ട്.
നവംബർ 3 വരെ ഏർളി വോട്ടിംഗിന് അവസരമുണ്ടായിരിക്കെ, നവംബർ 5-നാണ് പ്രധാന തിരഞ്ഞെടുപ്പ്. ഐസക്കിന് വേണ്ടി വോട്ട് ചെയ്യാനാഗ്രഹിക്കുന്നവർക്ക് റോ ബി-യിലോ സി-യിലോ വോട്ട് രേഖപ്പെടുത്താമെന്നു പ്രചാരണ സംഘം അറിയിച്ചിട്ടുണ്ട്.