സമാപന ചടങ്ങ് കേന്ദ്ര സാമൂഹിക ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ ഉദ്ഘാടം ചെയ്തു
ഡെല്‍ഹി: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തിയ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയ്ക്ക് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ വര്‍ണാഭമായ സമാപനം. ഡെല്‍ഹി ഡോ.അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി കേന്ദ്ര സാമൂഹിക ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ ഉദ്ഘാടനം ചെയ്തു. ഭാരതയാത്ര പതാക കേന്ദ്ര സഹമന്ത്രിക്ക് മുതുകാട് സമര്‍പ്പിച്ചാണ് യാത്രയ്ക്ക് സമാപനം കുറിച്ചത്. യു. എന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ (ഇന്ത്യ) ഷോംബി ഷാര്‍പ് മുതുകാടിന് ബാഡ്ജ് നല്‍കി ആദരിച്ചു.
ഒട്ടേറെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്ത് അഞ്ചാമത്തെ ഇന്ത്യായാത്ര ഭിന്നശേഷി മേഖലയ്ക്കുവേണ്ടി വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് യാത്രയ്ക്ക് നേതൃത്വം കൊടുത്ത ഗോപിനാഥ് മുതുകാട് പറഞ്ഞു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുവാനും ഈ മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കുവാനും സാധിച്ചത് ഈ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ കരുത്തു പകരുന്നുവെന്നും യാത്രയിലുടനീളം കിട്ടിയ അറിവുകള്‍ ഡിഫറന്റ് ആര്‍ട് സെന്ററിലടക്കം നടപ്പില്‍വരുത്തുവാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്, എം.പിമാരായ ശശി തരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, വി.ശിവദാസന്‍, ബെന്നി ബെഹന്നാന്‍, എന്‍.കെ പ്രേമചന്ദ്രന്‍, എം.കെ രാഘവന്‍, അബ്ദുള്‍ സമദ് സമദാനി, പോൾ കറുകപ്പിള്ളിൽ, കൊടിക്കുന്നില്‍ സുരേഷ്, ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, പി.വി അബ്ദുള്‍ വഹാബ്, ജോസ് കെ.മാണി, ഹാരിസ് ബീരാന്‍, ജെബി മേത്തര്‍ ഹിഷാം, സന്തോഷ് കുമാര്‍, പി.പി സുനീര്‍, കേന്ദ്ര ഡി.ഇ.പി.ഡബ്ലിയു.ഡി വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും അരങ്ങേറി. ഭാരതത്തിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ അമ്പതോളം വേദികളിലാണ് ഭാരതയാത്രാ പരിപാടി അരങ്ങേറിയത്.
ഒരിന്ദ്രജാല കലാകാരന്‍ ഇതാദ്യമായാണ് 5 ഭാരതയാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ആര്‍മി കേന്ദ്രങ്ങള്‍, ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളില്‍ പരിപാടി അരങ്ങേറി. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ സഹകരണത്തോടെയാണ് യാത്ര നടന്നത്.