ഏറ്റുമാനൂര്‍: പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ ഏറ്റുമാനൂര്‍ കേന്ദ്രം കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആല്‍ഫ ഏറ്റുമാനൂര്‍ സെന്റര്‍ പ്രസിഡന്റ് വി.എം. മാത്യു അധ്യക്ഷനായി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ ട്രസ്റ്റിയും ഡോ. സണ്ണി ഹെല്‍ത്ത് കെയര്‍ ചെയര്‍മാനുമായ ഡോ. സണ്ണി കുരിയന്‍, അമേരിക്കയില്‍ സാമൂഹ്യപ്രവര്‍ത്തകനായ ഡോ. സാജന്‍ കുരിയന്‍, വേള്‍ഡ് മലയാളി അസ്സോസിയേഷന്‍ വൈസ് ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാകുളത്തില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വലിയമല, അതിരമ്പുഴ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജെയിംസ് ആന്‍ഡ്രൂസ്, വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ പ്രസിഡന്റ് എന്‍.പി. തോമസ്, അതിരമ്പുഴ അല്‍ഫോന്‍സാ ട്രസ്റ്റ് പ്രസിഡന്റ് റ്റി.ജെ. മാത്യു, കാണക്കാരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോര്‍ജ്, കോര്‍വ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പി. ചന്ദ്രകുമാര്‍, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, ട്രഷറര്‍ പി.എച്ച്. ഇക്ബാല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി ജോണ്‍ ഫിലിപ്പോസ് നന്ദിയും പറഞ്ഞു.
ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും പലവിധ രോഗങ്ങള്‍, വാര്‍ധക്യം എന്നിവയാല്‍ കിടപ്പിലായവര്‍ക്കും ഡോക്ടര്‍, നഴ്‌സുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൗജന്യ ഹോം കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കും. അപകടങ്ങള്‍, സ്‌ട്രോക്ക് എന്നിവ മൂലം ചലനശേഷി പരിമിതപ്പെട്ടവര്‍ക്കുള്ള ദീര്‍ഘകാല പാലിയേറ്റീവ് ഫിസിയോതെറാപ്പിയും സൗജന്യമായി ഈ കേന്ദ്രത്തില്‍നിന്ന് ലഭിക്കും.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ 2005 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന് കീഴില്‍ ഒമ്പതാമത് ജില്ലയില്‍ 24-ാമത്തെ കേന്ദ്രമാണ് ഏറ്റുമാനൂരിലേത്. ഓരോ നാട്ടിലെയും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഉടമസ്ഥതയിലും സ്വയംപര്യാപ്ത പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളുണ്ടാക്കി രോഗബാധിതര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മണിക്കൂറില്‍ സേവനമെത്തിക്കുക എന്നതാണ് ആല്‍ഫ പിന്തുടരുന്ന രീതി. 2024 ഡിസംബറിലെ കണക്കനുസരിച്ച് ആല്‍ഫ ഇതുവരെ 62484 പേര്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കിക്കഴിഞ്ഞു. നിലവില്‍ 10453 പേരാണ് പരിചരണത്തിലുള്ളത്.