യുകെയിൽ കുടിയേറ്റ നിയന്ത്രണം കർശനമാക്കി; വ്യാപക റെയ്ഡുകൾ, അറസ്റ്റുകളിൽ വർധന

ലണ്ടൻ: കുടിയേറ്റ നിയന്ത്രണം ശക്തമാക്കുന്നതിനായി യുകെ സർക്കാർ രാജ്യത്ത് വ്യാപക റെയ്ഡുകൾ നടത്തി. ‘യുകെ വൈഡ് ബ്ലിറ്റ്‌സ്’ എന്ന പേരിൽ ആരംഭിച്ച ഈ നടപടിയിൽ നിരവധി തൊഴിലിടങ്ങൾ ലക്ഷ്യമാക്കി പരിശോധനകൾ നടത്തി.പ്രധാനമായും ഇന്ത്യൻ റെസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, കാർ വാഷുകൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധനയ്ക്കു സർക്കാർ ഊന്നൽ നൽകിയത്. ബ്രിട്ടീഷ് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ മേൽനോട്ടത്തിൽ നടന്ന റെയ്ഡുകളിൽ അറസ്റ്റുകൾ 609 ആയി ഉയർന്നു, കഴിഞ്ഞ വർഷത്തേക്കാൾ 73% വർധനയാണിത്.കഴിഞ്ഞ മാസമാത്രം റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷണം, പാനീയം, പുകയില വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ വ്യാപക റെയ്ഡുകൾ നടന്നതായി ഹോം സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ഹംബർസൈഡിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായും നാല് പേരെ തടങ്കലിലാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.”കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. അനധികൃത കുടിയേറ്റം തൊഴിൽ മേഖലയിൽ ചൂഷണത്തിനും സമ്പദ് വ്യവസ്ഥയിലുമുള്ള നാശത്തിനും കാരണമാകുന്നു,” എന്നായിരുന്നു ഹോം സെക്രട്ടറി കൂപ്പറിന്റെ വിശദീകരണം.യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിൽ, യുകെയും ഇതേ പാതയിലാണ് നീങ്ങുന്നത്.