അമേരിക്ക MK-84 ബോംബുകൾ ഇസ്രായേലിലേക്ക് അയച്ചു; ഉഗ്രനാശത്തിന് ശേഷിയുള്ള കൂറ്റൻ ആയുധങ്ങൾ എത്തി

ജറുസലേം: അമേരിക്കൻ സേന MK-84 ബോംബുകൾ ഇസ്രായേലിലേക്ക് അയച്ചതായി സ്ഥിരീകരിച്ചു. 900 കിലോ (2000 പൗണ്ട്) ഭാരമുള്ള ഈ വമ്പൻ ബോംബുകൾ ഇസ്രായേലിലെ അഷ്‌ഡോഡ് തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്. കപ്പലുകളിൽ നിന്ന് വലിയ ട്രക്കുകളിലേക്ക് മാറ്റിയ ബോംബുകൾ സൈനിക വ്യോമതാവളങ്ങളിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്.ബോംബുകൾ വിതരണം ചെയ്യുന്നതിനുള്ള വിലക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നീക്കിയതിനെ തുടർന്ന് ആയുധങ്ങൾ എത്തിയതായാണ് വിവരം. മുൻപ്, ജോ ബൈഡൻ ഭരണകൂടം ഇസ്രായേലിന് MK-84 ബോംബുകൾ നൽകുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഇസ്രായേൽ പ്രതിരോധ സേനയ്ക്കും വ്യോമസേനയ്ക്കും ഈ ബോംബുകൾ നിർണ്ണായകമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് അഭിപ്രായപ്പെട്ടു. ഇസ്രായേലിനും അമേരിക്കയ്ക്കുമിടയിലുള്ള സഖ്യത്തിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക ഇതിന്റെ ഉപയോഗം തുടങ്ങിയത്. കെട്ടിടങ്ങൾ, റെയിൽവേ യാർഡുകൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി എന്തിനെയും തകർക്കാൻ ശേഷിയുള്ളതായാണ് ഈ MK-84 ബോംബുകൾ വിശേഷിപ്പിക്കപ്പെടുന്നത്. 40% ഭാഗം അത്യുച്ച സ്ഫോടകവസ്തുക്കളും ബാക്കി സ്റ്റീൽ കേസിംഗുമുള്ള ഈ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്ന് കരുതുന്നു.