പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ മലയാളി നഴ്സ് ആക്രമിക്കപ്പെട്ട സംഭവം; പ്രതിഷേധം ശക്തം

ഫ്ലോറിഡ: പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ മലയാളി നഴ്സ് ലീലാമ്മ ലാൽ (67) ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. നഴ്‌സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടങ്ങുന്ന വലിയൊരു സംഘം സുരക്ഷാ പ്രമേയവുമായി റാലി നടത്തി.‘കെയർ ഫോർ പീപ്പിൾ ഹു കെയർ’ എന്ന മുദ്രാവാക്യത്തോടെ ജെറോം സെന്ററിന് മുന്നിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ശനിയാഴ്ച ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ നേതൃത്വത്തിൽ ഡേവിയിലെ ഗാന്ധിസ്‌ക്വയറിൽ ഗാന്ധി പ്രതിമയ്‌ക്ക് മുമ്പിൽ പ്രാർത്ഥനയും കാൻഡിൽ ലൈറ്റ് വിജിലും നടന്നു.പ്രതിഷേധ പരിപാടിയിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് വത്സമ്മ എബ്രഹാം, മുൻ പ്രസിഡന്റ് ഡോ. ബോബി വർഗീസ് എന്നിവർ സംസാരിച്ചു. ജെറോം സെന്ററിൽ നടന്ന റാലിയിൽ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് മാത്യുവും (രാജു) പ്രസംഗിച്ചു.ലീലാമ്മയെ ആക്രമിച്ച മാനസിക രോഗിയെന്ന് കരുതുന്ന സ്റ്റീഫൻ സ്കാന്റിൽബറിക്കെതിരെ വധശ്രമം, വിദ്വേഷ കുറ്റം എന്നിവ ചുമത്തി കേസ് എടുത്തിട്ടുണ്ട്.തുടർച്ചയായ ആരോഗ്യപ്രവർത്തകരോടുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന ആവശ്യം ഉയരുകയാണ്.