ഫൊക്കാന സാഹിത്യ സമ്മേളനത്തിന് കെ.വി. മോഹൻകുമാറിന്റെ നേതൃത്വം

ന്യൂയോർക്ക് ∙ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്തനായ സാഹിത്യകാരനുമായ കെ.വി. മോഹൻകുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന് ചെയർമാനായി നിയമിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ കോട്ടയം കുമരകത്ത് ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരളാ കൺവൻഷന്റെ ഭാഗമായി സാഹിത്യ സമ്മേളനവും പുരസ്കാര ദാനച്ചടങ്ങുകളും നടക്കും. ഫൊക്കാനയുടെ സാഹിത്യ കോഓർഡിനേറ്റർ ഗീത ജോർജും സഹ കോഓർഡിനേറ്റർമാരായ അബ്ദുൽ പുന്നിയൂർകുളം, സരോജാ വർഗീസ്, കെ.കെ. ജോൺസൺ എന്നിവർ ചേർന്ന് മോഹൻകുമാറിന് ആശംസകൾ നേർന്നു.
ആലപ്പുഴ സ്വദേശിയായ കെ.വി. മോഹൻകുമാർ എഴുത്തിലെ പ്രവർത്തനത്തിലൂടെ മലയാള സാഹിത്യ ലോകത്ത് മികവ് തെളിയിച്ച വ്യക്തിയാണ്. പത്തു നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഉൾപ്പെടെ 37 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഉല’ ആണ് ഏറ്റവും പുതിയ നോവൽ. 2018-ലെ വയലാർ പുരസ്കാരം നേടിയ ‘ഉഷ്ണരാശി’ നോവൽ ഉൾപ്പെടെ പതിനഞ്ചിലധികം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തനത്തിലും ശ്രദ്ധേയസാന്നിധ്യമായിരുന്നു മോഹൻകുമാർ. മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ പ്രസിദ്ധ പത്രങ്ങളിൽ പന്ത്രണ്ട് വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു. 1993-ൽ ഡപ്യൂട്ടി കളക്ടറായി സർവീസിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ഐഎഎസിൽ എത്തി. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കളക്ടറായും ഖാദി ബോർഡ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, ടൂറിസം വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ, സുനാമി പുനരധിവാസ പദ്ധതി ഡയറക്ടർ, നോർക്ക റൂട്ട്സ് സി.ഇ.ഒ, ഗ്രാമവികസന കമ്മീഷണർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, പ്രത്യേക സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചു.
മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചിട്ടുള്ള മോഹൻകുമാർ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യ ചെയർമാനായിരുന്നു. 2023-ൽ സേവനത്തിൽനിന്ന് വിരമിച്ചു. അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ വൈദഗ്ധ്യവും സാഹിത്യപ്രതിഭയും ഫെഡറൽ കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ഫൊക്കാന) സാഹിത്യ സമ്മേളനത്തിന് വലിയ പിന്തുണയായേക്കും.




