AmericaCommunityKeralaLatest NewsNews

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 8-ന് എല്‍മ്‌ഹേര്‍സ്റ്റ് സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ദേവാലയത്തില്‍ വച്ച് നടത്തി. കൗണ്‍സിലിന്റെ രക്ഷാധികാരിയും, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പുമായ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തിന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

പ്രാര്‍ത്ഥനാ ഗാനം, വേദപുസ്തക വായനം, പ്രാരംഭ പ്രാര്‍ത്ഥന എന്നിവക്ക് ശേഷം സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ പ്രതിനിധി സാം തോമസ് സ്വാഗത പ്രസംഗം നടത്തി. റവ. ഫാ. തോമസ് മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ക്രൈസ്തവ സമുദായത്തെ ഒന്നിപ്പിക്കുന്ന ‘ദൈവം എന്ന ഇടയന്റെ ആടുകള്‍’ എന്ന ആശയം ഉപദേശിച്ചു. ക്രിസ്തുവിനെ അനുഗമിക്കുന്ന ജീവിതത്തിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്തു.

മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണത്തില്‍ ഈ നോമ്പുകാലത്ത് ആത്മപരിശോധന നടത്തുകയും ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രതിപാദിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് മാത്യു 2025 ലെ ബജറ്റും അവതരിപ്പിച്ചു. ജോ.സെക്രട്ടറി ബെഞ്ചമിന്‍ തോമസ് നന്ദി രേഖപ്പെടുത്തി. മാര്‍ ജോയി ആലപ്പാട്ട് സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദ പ്രാര്‍ത്ഥനയും നടത്തി. സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.

2025-ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റവ. ഫാ. തോമസ് മാത്യു (പ്രസിഡന്റ്), റവ. ബിജു യോഹന്നാന്‍ (വൈസ് പ്രസിഡന്റ്), അച്ചന്‍കുഞ്ഞ് മാത്യു (സെക്രട്ടറി), ബെഞ്ചമിന്‍ തോമസ് (ജോ. സെക്രട്ടറി), ജോര്‍ജ് മാത്യു (ട്രഷറര്‍), സിനില്‍ ഫിലിപ്പ് (ജോ. ട്രഷറര്‍), റവ. ജോവര്‍ഗീസ് മലയില്‍ (യൂത്ത് ഫോറം ചെയര്‍മാന്‍), റോഡ്‌നി സൈമണ്‍ (യൂത്ത് കണ്‍വീനര്‍), ജോയിസ് ചെറിയാന്‍ (വിമന്‍സ് ഫോറം കണ്‍വീനര്‍), ആന്റോ കവലയ്ക്കല്‍ (ഓഡിറ്റര്‍), സാം തോമസ്, ജോണ്‍സണ്‍ വള്ളിയില്‍ (മീഡിയ & പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ രക്ഷാധികാരത്തിലുള്ള ഒരു സംഘടനയാണ്. മാര്‍ത്തോമ്മ, സി.എസ്.ഐ., യാക്കോബായ, ഓര്‍ത്തഡോക്‌സ്, കാത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട 17 ഇടവകകളുടെ ഈ കൂട്ടായ്മ കഴിഞ്ഞ 42 വര്‍ഷങ്ങളായി ആദ്ധ്യാത്മിക, ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കലാകായിക മേഖലകളില്‍ സജീവമാകുകയാണ്.

Show More

Related Articles

Back to top button