
ടെക്‌സാസ്: മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ ചലച്ചിത്രം എമ്പുരാൻ അമേരിക്കൻ തീയേറ്ററുകളിലെത്താൻ സജ്ജമാകുന്നതിനിടെ, ഡാളസിൽ ആരാധകർ അതിശയകരമായ സ്വീകരണം ഒരുക്കുകയാണ്. മാർച്ച് 26 ന് റിലീസാകുന്ന സിനിമയുടെ പ്രീ ബുക്കിംഗ് തുടങ്ങിയതോടെ, ഡാളസിലെ ലാലേട്ടൻ ആരാധകർ ആദ്യ 15 മിനിറ്റിനകം Cinemark ന്റെ നാല് തീയേറ്ററുകളിലെ ആദ്യ ഷോയുടെ മുഴുവൻ ടിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ, സിനിമയുടെ പ്രദർശനം ആരംഭിക്കാനും മുമ്പേ ഡാളസിലെ ആദ്യ ഷോകൾ ഹൌസ്‌ഫുൾ ആയി.
ഫാൻസ് ഷോക്ക് നേതൃത്വം നൽകുന്നത് സൗഹൃദ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ് ആണ്. 700-ഓളം ആരാധകരുടെ സാന്നിധ്യത്തിൽ ലൂയിസ് വിൽ സിനിമാർക്കിൽ മാർച്ച് 26 രാത്രി 8:30 ന് ആദ്യ ഷോ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ പ്രദർശനം ഉത്സവസമാനമായ അനുഭവമാക്കാൻ ഡാളസ് ഗ്രൂപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
പ്രദർശനത്തിന് മുന്നോടിയായി വൈകുന്നേരം 7 മണിക്ക് ആട്ടം ഓഫ് ഡാളസ് ചെണ്ടവാദ്യമേളത്തോടെയാകും ആഘോഷങ്ങളുടെ തുടക്കം. അതിനൊപ്പം UTD ഡാളസ് ക്യാംപസുകളിലെ മലയാളി വിദ്യാർത്ഥികളുടെ കോമെറ്റ്‌സ് അസോസിയേഷൻ ഒരുക്കുന്ന സ്പ്ലാഷ് മോബും വേറിട്ട ആഘോഷമായിരിക്കും. സംഘാടകർ അറിയിച്ചതിനുപ്രകാരം, സിനിമാശ്രദ്ധേയരാകുന്ന കലാപരിപാടികളും മറ്റ് സർപ്രൈസ് ആകർഷതയും ഇതോടൊപ്പം ഉണ്ടാകും.
അമേരിക്കൻ സിനിമാ ചരിത്രത്തിൽ തന്നെ ഇത്രയും വലിയതോതിൽ ഒരു മലയാളം സിനിമയ്ക്കായി ഫാൻസ് ഷോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് ഈ പ്രദർശനം വേറിട്ടതായി നിലനില്ക്കാൻ കാരണം. നാട്ടിൽ നടക്കുന്ന ആദ്യ ഷോയ്ക്കൊപ്പം തന്നെ ഡാളസിലും ഒരേ ആവേശത്തിൽ ചിത്രം ആഘോഷിക്കാനാണ് യൂത്ത് ഓഫ് ഡാളസ് കൂട്ടായ്മയുടെ തീരുമാനം.