ഹൂസ്റ്റണില്‍ ഇന്ത്യന്‍ സാംസ്‌കാരിക ഉത്സവത്തിന് തിളക്കം നല്‍കി രമേശ് ചെന്നിത്തല

ഹൂസ്റ്റണ്‍: ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശകരമായ സമ്മേളനമായി മാറാനൊരുങ്ങി ‘ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് – 2025’. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ നേതൃത്വത്തില്‍ മേയ് 24ന് ഹൂസ്റ്റണില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനും ഫെസ്റ്റിന്റെ സംഘാടകനുമായ ജെയിംസ് കൂടല്‍ അറിയിച്ചു.
12 മണിക്കൂറിനിടയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും സാംസ്‌കാരിക സംഗമങ്ങളും ആസ്വാദകരാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ അതിഗംഭീരമായ രംഗങ്ങളൊരുക്കാന്‍ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ഷാന്‍ റഹ്‌മാന്‍ നേതൃത്ത്വം വഹിക്കും. വിവിധ കലാരൂപങ്ങളും ദൃശ്യവിസ്മയങ്ങളും നിറഞ്ഞ പരിപാടിയായി ഫെസ്റ്റ് മാറുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിലെ ഇന്ത്യന്‍ സമുദായത്തിനിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുള്ള ഫെസ്റ്റ് വിവിധ ദേശങ്ങളിലുനിന്നുള്ള ജനപങ്കാളിത്തം ഉറപ്പാക്കും. ഇന്ത്യന്‍ സംസ്കാരത്തിന്റെയും കലാരൂപങ്ങളുടെയും മഹിമയേറിയ സംഗമമായി ഇത് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.