
ലോസ് ആഞ്ചലസ് – പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 1984-ല്‍ ടോപ്പ് സീക്രട്ട് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ കില്‍മര്‍, തന്റെ തിളക്കമുള്ള പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി.
ബാറ്റ്മാന്‍ ഫോറെവര്‍ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രം കില്‍മറിനെ ലോകസിനിമയിലെ അഗ്രഗണ്യരായ താരങ്ങളുടെ നിരയിലെത്തിച്ചു. അതോടൊപ്പം, 1991-ല്‍ പുറത്തിറങ്ങിയ ദി ഡോര്‍സ് എന്ന സിനിമയില്‍ ജിം മോറിസണ്‍ ആയി അഭിനയിച്ചപ്പോൾ ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹോളിവുഡിലെ യുവതാരമായി മികച്ച സ്വീകാര്യത നേടിയ കില്‍മര്‍, 1985-ല്‍ പുറത്തിറങ്ങിയ റിയല്‍ ജീനിയസ് എന്ന കോമഡി ചിത്രത്തിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു.
ജൂലിയാര്‍ഡ് സ്‌കൂളില്‍ ചേര്‍ന്നതിലെ ഏറ്റവും പ്രായം കുറഞ്ഞ നടനായ കില്‍മര്‍, തന്റെ കരിയറില്‍ ഏറെ ഉയര്‍ച്ചകളും താഴ്ചകളും കണ്ടതായിരുന്നു. ടോപ്പ് ഗണ്‍, വില്ലോ, ഹീറ്റ്, ദ സെയിന്റ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ കില്‍മറിന്റെ അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തു. കൂടാതെ, മാക്ഗ്രൂബര്‍, കിസ് കിസ് ബാങ് ബാങ് തുടങ്ങിയ കോമഡി ചിത്രങ്ങളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ചു.
സിനിമാ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച വാല്‍ കില്‍മറുടെ വേര്‍പാട് സിനിമാസ്വാദകര്‍ക്ക് വലിയ നഷ്ടമാണ്.