നേരത്തെ കണ്ടിട്ടില്ലാത്ത നീക്കം; ഇന്ത്യൻ മഹാസമുദ്ര ദ്വീപിലേക്ക് ബി-2 സ്റ്റെൽത്ത് ബോംബർമാർ

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുഎസ് വ്യോമസേനയുടെ അത്യാധുനിക സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിലേക്ക് വിന്യസിച്ച് പെന്റഗൺ. കുറഞ്ഞത് ആറ് ബി-2 ബോംബർ വിമാനങ്ങളെയാണ് യുഎസ് അധികൃതർ ഡീഗോ ഗാർസിയ ദ്വീപിലേക്ക് മാറ്റിയിരിക്കുന്നത്.
ഇറാനും അതിന്റെ പ്രോക്സികൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും യുഎസിന്റെ പുതിയ നിലപാട് സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം, യുഎസ് യുദ്ധവിമാനങ്ങൾ യെമനിൽ ഹൂത്തി വിമതരെ ലക്ഷ്യമാക്കി ആക്രമണം തുടരുന്നുണ്ട്.
സ്വകാര്യ ഉപഗ്രഹ ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്സ് പുറത്ത് വിട്ട ചിത്രങ്ങളിൽ, ദ്വീപിലെ വിമാനതാവളത്തിൽ ആറു ബി-2 ബോംബർ വിമാനങ്ങൾ ഉണ്ടായിരിക്കുന്നതായി വ്യക്തമാകുന്നു. ദ്വീപിൽ ടാങ്കറുകളും കാർഗോ വിമാനങ്ങളും നിലയുറപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബി-2 വിമാനങ്ങളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെ, യുഎസ് സൈന്യം മേഖലയിലെ പ്രതിരോധ നില കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ വ്യോമസേനാ വിന്യാസങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു.
“യുണൈറ്റഡ് സ്റ്റേറ്റ്സ് അതിന്റെ പങ്കാളികളോടൊപ്പം പ്രാദേശിക സുരക്ഷയ്ക്കായി പ്രതിജ്ഞാബദ്ധമാണ്. മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ഏത് ശക്തിയെയും നേരിടാൻ തയ്യാറാണ്,” പാർനെൽ കൂട്ടിച്ചേർത്തു.