
സെനെക്ക, കന്‍സാസ് ∙ കന്‍സാസിലെ സെനെക്ക പട്ടണത്തിലെ കത്തോലിക്കാ പുരോഹിതനെ വ്യാഴാഴ്ച അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തി. സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് ചര്‍ച്ചിലെ പാസ്റ്ററായിരുന്ന ഫാ. അരുള്‍ കാരസാലയാണ് ആക്രമണത്തിന് ഇരയായത്.
തന്റെ ഇടവക റെക്ടറിയില്‍ വച്ച് വെടിയേറ്റ ഫാ. കാരസാലയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കന്‍സാസ് സിറ്റി അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദാരുണ സംഭവത്തിന്റെ വിവരം പുറത്ത് വിട്ടത്.
1994-ല്‍ ഇന്ത്യയില്‍ വെച്ച് പുരോഹിതനായി പട്ടം സ്വീകരിച്ച ഫാ. കാരസാല 2004 മുതല്‍ കന്‍സാസില്‍ സേവനമനുഷ്ഠിച്ചു. 2011-ല്‍ യുഎസ് പൗരത്വം നേടിയതിനു പിന്നാലെ സെനെക്കയിലെ സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയുടെ ശുശ്രൂഷാ ചുമതല വഹിച്ചു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതകിയെ പൊലീസ് പിടികൂടിയതായാണ് സൂചന. സെനെക്ക പൊലീസ് ഡിപ്പാര്‍ട്ട്മെന്റും നെമാഹ കൗണ്ടി ഷെരീഫ് ഓഫീസും അന്വേഷണം തുടരുന്നുവെങ്കിലും അധിക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.




