മസാച്യുസെറ്റ്സ് ആശുപത്രിയിലെ അഞ്ചാം നിലയില്‍ ജോലി ചെയ്ത നഴ്‌സുമാര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍: അന്വേഷണം പുരോഗമിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ മസാച്യുസെറ്റ്സില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ബ്രിഗം ന്യൂട്ടണ്‍-വെല്ലസ്ലി ആശുപത്രിയില്‍ ജോലി ചെയ്ത അഞ്ച് നഴ്‌സുമാര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലാണ് ആരോഗ്യ മേഖലയിലെ അധികൃതര്‍. ആശുപത്രിയുടെ അഞ്ചാം നിലയില്‍ ജോലി ചെയ്തവരിലാണ് രോഗം കണ്ടെത്തിയത്. ഇവരുടേത് തുടങ്ങുന്ന ഘട്ടത്തിലാണ്, ഗുരുതരമല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. അതോടൊപ്പം പ്രസവ യൂണിറ്റിലെ മറ്റ് ജീവനക്കാരിലെയും ആരോഗ്യപ്രശ്നങ്ങള്‍ ആശുപത്രി അധികൃതര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആകെ 11 ജീവനക്കാര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായി വ്യക്തമാകുന്നു.
സംഭവത്തെ തുടര്‍ന്ന് ബോസ്റ്റണ്‍ നഗരത്തില്‍നിന്ന് പത്തു മൈല്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയില്‍ ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബ്രെയിന്‍ ട്യൂമറിന് കാരണമാകാവുന്ന ഘടകങ്ങള്‍ കണ്ടെത്താനായില്ലെന്ന് ആശുപത്രിയിലെ അസോസിയേറ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോനാഥന്‍ സോണിസും ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സാന്‍ഡി മ്യൂസും ചേര്‍ന്നുനല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, ജലവിതരണം, സമീപത്തുള്ള എക്‌സ്-റേ ഉപകരണങ്ങള്‍, താഴത്തെ നിലയില്‍ നടക്കുന്ന കീമോതെറാപ്പി ചികിത്സ എന്നിവയുമായി ഈ കേസുകള്‍ക്കെന്തെങ്കിലും ബന്ധമുണ്ടെന്നു സൂചനയില്ലെന്നും അവര്‍ വ്യക്തമാക്കി.
ആശുപത്രിയിലെffected ജീവനക്കാര്‍ക്ക് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് മസാച്യുസെറ്റ്സ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ ആരോഗ്യ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് തീരുമാനിക്കാനാവുകയുള്ളൂവെന്ന് അസോസിയേഷന്‍ വക്താവ് ജോ മാര്‍ക്ക്മാന്‍ പറഞ്ഞു. “ഇത് സ്വതന്ത്രവും ശാസ്ത്രീയവുമായ ഒരു അന്വേഷണമായി തുടരുകയാണ്. കൂടുതല്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് തോന്നുന്നു,” എന്നും അദ്ദേഹം വ്യക്തമാക്കി.