KeralaLatest News

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി തിരുവിതാംകൂര്‍ രാജകുടുംബാഗം ഗൗരി പാര്‍വതിബായി

തിരുവനന്തപുരം:  സമൃദ്ധിയുടെ വിഷുക്കണിയൊരുക്കിയും വിഷുപ്പാട്ട് പാടിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ വിഷുദിനാഘോഷം നിറവിന്റെ ഉത്സവമായി.  കൊന്നപ്പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ബീഥോവന്‍ ബംഗ്ലാവിന്റെ ഉമ്മറത്ത് ഓട്ടുരുളിയില്‍ നിറച്ചുവച്ച കണിവിഭവങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി.  വിഷുദിനാഘോഷം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.  കാലമെത്ര മാറിയാലും പഴമയുടെ പ്രൗഢി തിരിച്ചറിയുവാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും കഴിയുമെന്ന് ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു.  സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കിയാണ് അവര്‍ മടങ്ങിയത്.  

സെന്ററിലെ സംഗീതവേദിയായ ബീഥോവന്‍ ബംഗ്ലാവില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി എന്ന ഗാനം ഭിന്നശേഷിക്കാര്‍ ആലപിച്ചുകൊണ്ട് തുടക്കം കുറിച്ചു.  ഗായകന്‍ പന്തളം ബാലന്‍ സവിശേഷ സാന്നിദ്ധ്യമായി.  കുട്ടികള്‍ക്കൊപ്പം വിഷുപ്പാട്ടുകള്‍ പാടി പന്തളം ബാലന്‍ ആഘോഷങ്ങള്‍ക്ക് സംഗീത ചാരുത പകര്‍ന്നു.  കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ്, കുരുത്തോല കലാകാരന്‍ ആഷോ സമം തുടങ്ങിയവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഭിന്നശേഷിക്കാര്‍, ജീവനക്കാര്‍, അമ്മമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഷുപ്രത്യേക കലാപരിപാടികളും അരങ്ങേറി.  ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചവര്‍ക്ക് ഗോപിനാഥ് മുതുകാട് വിഷുക്കൈനീട്ടം നല്‍കിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button