ടെക്‌സസിലെ നഗര തിരഞ്ഞെടുപ്പ്: സജി ജോർജ്, എലിസബത്ത് എബ്രഹാം വിജയിച്ചു; പി.സി. മാത്യുവും ഡോ. ഷിബു സാമുവേലും പരാജയപ്പെട്ടു

ഡാളസ്: നോർത്ത് ടെക്‌സസിൽ മെയ് 3-ാം തീയതി ശനിയാഴ്ച നടന്ന നഗരതല തിരഞ്ഞെടുപ്പിൽ മലയാളികളായ നാലുപേർ മത്സരത്തിൽ പങ്കെടുത്തു. ഇവരിൽ രണ്ട് പേര്‍ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ രണ്ടു പേർക്ക് തോൽവി നേരിടേണ്ടി വന്നു.
സണ്ണിവെയ്ല്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച സജി ജോർജ് മൂന്നാം തവണയും വിജയിച്ചു. നഗരസഭ കൗൺസിലറായി തുടങ്ങി മേയറായി തുടർച്ചയായി സേവനം നിർവഹിച്ചുവരുന്ന അദ്ദേഹം, തന്റെ പ്രതിഷ്ഠയും ജനപ്രീതിയും വീണ്ടും നിലനിർത്തിയിട്ടുണ്ട്.
മര്‍ഫി സിറ്റി കൗൺസിലിലേക്കുള്ള മത്സരത്തിൽ എലിസബത്ത് എബ്രഹാമും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്ന എലിസബത്ത്, ഇത്തവണ എതിരാളിയായ നദീം കരീമിനെ മറികടക്കുകയായിരുന്നു.
അതേസമയം, ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിച്ച മലയാളികളായ പി.സി. മാത്യുവും ഡോ. ഷിബു സാമുവേലും വിജയിക്കാനായില്ല. ശക്തരായ ഇവർ തമ്മിൽ നടന്ന മത്സരത്തിൽ വോട്ടുകൾ വിഭജിക്കപ്പെട്ടതോടെ ഡെബോറ മോറിസിന് എളുപ്പത്തിൽ വിജയിക്കാനായി. പി.സി. മാത്യു മൂന്നാം സ്ഥാനവും ഡോ. ഷിബു നാലാം സ്ഥാനവുമാണ് നേടി. ആകെ ആറുപേര്‍ മത്സരിച്ചിരുന്ന സ്ഥാനത്തിനാണ് ഈ ഫലം.
ടെക്‌സസിലെ രാഷ്ട്രീയരംഗത്തേക്ക് മലയാളികളുടെ ഉയർന്ന താത്പര്യവും പങ്കാളിത്തവും ഈ തിരഞ്ഞെടുപ്പിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞതായി വിലയിരുത്തപ്പെടുന്നു.