
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിലെ പ്രധാന ആണവകേന്ദ്രമായ നതാൻസിന് തകരാറുണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചു. ഇറാന്റെ ആണവപദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന കോഡ് പേരിൽ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ നതാൻസിനോടൊപ്പം ഇസ്ഫഹാനും ഫോർഡോയും ഉൾപ്പെടെ മറ്റ് കേന്ദ്രങ്ങളിലും നാശനഷ്ടമുണ്ടായി.
ആദ്യ റിപ്പോർട്ടുകൾ പ്രകാരം നതാൻസിലെ ഭൂഗർഭ സമ്പുഷ്ടീകരണ കേന്ദ്രത്തിന് വലിയ കേടുപാടില്ലെന്നായിരുന്നു. എന്നാല്‍, ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് നേരിട്ട് ദോഷം ഉണ്ടായതായി ഐഎഇഎ സ്ഥിരീകരിച്ചു.
പ്രതിഷേധവുമായി ഇറാനും രംഗത്തെത്തി. ഇറാൻ സുപ്രീം നേതാവ് ആയത്തുല്ല ഖമനയിക്ക് സദ്ദാം ഹുസൈനെപ്പോലെ അതേ വിധി നേരിടേണ്ടി വരുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇസ്രയേലിനെതിരെ തുടരുന്ന ആക്രമണങ്ങൾക്ക് ഖമനയിയ്‌ക്ക് ഉത്തരവാദിത്വമുണ്ടെന്നും അയാൾക്ക് മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഖമനയിയും കുടുംബവും സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായാണ് വിവരം. ഇറാഖ് മുൻ ഭരണാധികാരി സദ്ദാം ഹുസൈനെ യുഎസ് സൈന്യം പിടികൂടി തൂക്കിലേറ്റതിനെ അനുസ്മരിപ്പിച്ചാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകുന്നത്. സമാന വിധിയാണെന്ന തരത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രസ്താവന നടത്തിയിരുന്നു.
ആക്രമണ സാഹചര്യത്തിൽ ടെഹ്റാനിൽ സ്ഫോടനങ്ങളും ചലനങ്ങളുമുണ്ടായി. നഗരത്തിൽ അടിയന്തരാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ജി7 ഉച്ചകോടിയിൽ ഇതുമായി ബന്ധപ്പെട്ട വെടിനിര്‍ത്തൽ വിഷയത്തിൽ ഇനിയും ഇടപെടലില്ല. എന്നാൽ ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന നിലപാടാണ് ലോക ശക്തികൾ പ്രഖ്യാപിച്ചത്. ഇതിനെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചു.
ഇറാനുമായി ആണവ പദ്ധതികളെക്കുറിച്ച് ചർച്ച നടത്താൻ യുഎസ് ശ്രമം ആരംഭിച്ചു. ഈ ആഴ്ച തന്നെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ ചർച്ചയ്ക്ക് സാധ്യതയുണ്ട്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായാണ് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ ചർച്ച സാധ്യതയുള്ളത്.