ഫോർട്ട് വർത്ത് സ്കൂൾ പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധം ശക്തം; ‘മുസ്ലിം വിരുദ്ധ വേട്ട’യെന്ന് ആരോപണം.

ടെക്സസ്: ഫോർട്ട് വർത്ത് സ്കൂൾ ഡിസ്ട്രിക്റ്റിൽ പുതുതായി നിയമിതയായ മുസ്ലിം പ്രിൻസിപ്പൽ ഷൈമ അൽസുബിയെ ചുമതലയേറ്റ് ദിവസങ്ങൾക്കകം മാറ്റിയ നടപടി വലിയ വിവാദമാകുന്നു. ഇതിനെതിരെ കമ്മ്യൂണിറ്റി നേതാക്കളും മുസ്ലിം സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധത്തിന് കാരണം: മുൻപ് അവർ സോഷ്യൽ മീഡിയയിൽ പലസ്തീൻ അനുകൂല നിലപാടുകൾ, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം, കുടിയേറ്റക്കാരുടെ അവകാശങ്ങൾ എന്നിവയെ പിന്തുണച്ചതും ശരീഅത്ത് നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചതുമാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. ‘ലിബ്സ് ഓഫ് ടിക്ടോക്’ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ ഇത് വലിയ തോതിൽ പ്രചരിപ്പിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്കൂൾ നയങ്ങൾക്ക് വിരുദ്ധമാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക മാറ്റമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
നടപടിയെ തുടർന്ന് ഷൈമയ്ക്ക് നേരെ വധഭീഷണിയുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഓൺലൈൻ വിദ്വേഷത്തിന് വഴങ്ങിയുള്ള ഈ നടപടി ‘മുസ്ലിം വിരുദ്ധ വേട്ട’യാണെന്നും, ഷൈമയെ ഉടൻ തന്നെ പ്രിൻസിപ്പൽ സ്ഥാനത്ത് തിരിച്ചെടുക്കണമെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.




