
‘’നമ്മെക്കുറിച്ചല്ല നാം വേവലാതിപ്പെടേണ്ടത്. ‘’ എന്ന വാക്യം സുവിശേഷമാക്കിയ ശമരിയക്കാരൻ.
അർജൻ്റീനക്കാരനായ പാപ്പ ഒരിക്കലും ക്രൈസ്തവരുടെ മാത്രം പിതാവായിരുന്നില്ല. കരയുന്നവരുടെയാകെ പിതാവായിരുന്നു. മതത്തിൻ്റെ മറയില്ലാതെ കരുണകാട്ടാൻ ലോകത്തോട് അഭ്യർത്ഥിച്ചു. അധികാരമില്ലാതെ കുരിശിലേറിയ ക്രിസ്തുവിനേക്കാൾ വേദന പാപ്പ സ്വയം ഏറ്റെടുത്തു. അശരണരായ ജനതയുടെ സഹനം കാണാൻ വേണ്ടി മാത്രം കണ്ണുതുറന്നു നടന്നു. അവരുടെ സങ്കീർണ്ണതകളിൽ, മുറിപ്പാടുകളിൽ പങ്കുചേർന്നു. ഗാസയുടെ കണ്ണീർ സ്വന്തം കണ്ണീരായി സ്വീകരിച്ചു. ലോകമെമ്പാടുമുള്ള അഭയാർത്ഥികൾ ക്കായി, ട്രാൻസ്ജെൻ്ററുകൾക്കായി ശബ്ദമുയർത്തി. സഭാപുരോഹിന്മാരാൽ പീഡിപ്പിക്ക പ്പെട്ട ബാല്യങ്ങളോട് മാപ്പ് ചോദിച്ചു. ആർക്കാണ് ഇതൊക്കെ സാധ്യമാവുക?
Jorge Mario എന്ന ഫ്രാൻസിസ് പാപ്പ ജനിച്ചപ്പോഴേക്കും കുടുംബം സമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലെത്തിയിരുന്നു. നിത്യവൃത്തിക്ക് വഴി കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥ. മുത്തശ്ശീ പറഞ്ഞു കൊടുത്ത കഥകളിലൂടെ ദരിദ്രരുടെ പക്ഷത്തു നിൽക്കുന്ന എളിമയുടെ അപ്പോസ്തലനായി വൾർന്നു. അർജൻ്റീനിയൻ ഫുട്ബോളിനെ സ്നേഹി ച്ചു. മറഡോണയോടും മെസ്സിയോടും നല്ല അടുപ്പം നിലനിർത്തി. കാൽപ്പന്തുകളിയുടെ ആരവങ്ങളിൽ ഹൃദയം ചേർത്തു വച്ചു. സെർജിയോയും ഗബ്രിയേലും ബൂട്ടണിയു മ്പോൾ വിജയം കൊതിച്ചു. കൗമാരത്തിൽ പ്രണയിച്ചു. കെമിക്കൽ ടെക്നീഷ്യനായി, ഇരുപത്തൊന്നാം വയസ്സിൽ ന്യൂമോണിയ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി. 1958 ൽ Society of Jesus (Jesuits) ൽ ചേർന്നു. 1969 ൽ വൈദികനായി. 1973 മുതൽ 1979 വരെ പ്രൊവിൻഷ്യൻ സുപ്പീരിയറും 1998 ൽ ബ്യൂണസ് അയേഴ്സിൽ ആർച്ച് ബിഷപ്പുമായി. 2001 ൽ കർദ്ദിനാൾ പിന്നീടുള്ള യാത്ര ചരിത്രനിയോഗം. ഇപ്പൊഴിതാ, ഒരു കാലം തന്നെ കാലം ചെയ്തിരിക്കുന്നു. പാവങ്ങളുടെ പക്ഷത്തുനിന്ന് ദാരിദ്ര്യത്തി ലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അസ്സീസ്സിയിലെ ഫ്രാൻസിസിന്റെ പേര് കടം കൊണ്ട പോപ്പ് ഫ്രാൻസിസ് വിട പറയുമ്പോൾ ലോകം തേങ്ങുകയാണ്.
‘ലോകത്തിൻ്റെ മറ്റൊരറ്റത്തു നിന്നാണ് താൻ വരുന്നതെന്നും സ്നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയിൽ ഒരുമിച്ചു ചേരണം’ എന്നും 2013 മാർച്ച്
13 ന് ആഗോള കത്തോലിക്കസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സെൻ്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്ന് ലോകത്തെ നയിച്ച ആ പ്രകാശം നമ്മോട് പറഞ്ഞു. പൂർവികർ നടന്ന വഴികളിൽ നിന്നും, ചിന്തിച്ച രീതികളിൽ നിന്നും മാറി നിന്ന് ക്രൈസ്തവ നീതിബോധത്തിന് പുതിയ മുഖം നൽകാൻ ശ്രമിച്ച ധീരതയായിരുന്നു പാപ്പ. 2000 വർഷം മുമ്പ് നസ്റേത്തിൽ പിറന്ന ഒരു ആശാരിയുടെ മകൻ കുരിശ്ശേറി, ഉയർത്തെഴുന്നേറ്റതിൻ്റെ സന്ദേശം ലോകത്തിനു നല്കിയ ശേഷം മടക്കയാത്ര, ഇത് കാലത്തിൻ്റെ നിയോഗമാവാം. മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞ പാപ്പയ്ക്ക് യാത്ര ആവാൻ ഇതിലും മികച്ച ദിവസം വേറെ ഏതാണ്? പാപ്പ വിട പറയുമ്പോൾ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമുള്ള ഒരു ഏടിനു കൂടിയാണ് അവസാനമാകുന്നത്.കത്തോലിക്കാസഭയുടെ രണ്ടായിരത്തിലധികം വര്‍ഷ ത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളനെന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് തെര ഞ്ഞെടുത്തതിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. ‘’ചടങ്ങ് ലളിതമാവണം, പൊതുദർശനം ഉയർന്ന പീഠത്തിൽ വേണ്ട, ഫലകത്തിൽ ഫ്രാൻസിസ് മാത്രം മതി’’
തിരസ്കൃതരുടെ സുവിശേഷകൻ: അനീതിയോട് അനുരഞ്ജനപ്പെടാത്ത, മർദ്ദകസ്വഭാ വത്തോട് കലഹിക്കുന്ന ദൈവശാസ്ത്ര ദർശനമെന്ന നിലയിലാണ് ക്രിസ്തുവിന്റെ സുവിശേഷങ്ങളെ ഫ്രാൻസിസ് മാർപ്പാപ്പ ജീവിതത്തിലുടനീളം കൊണ്ടുനടന്നത്. കത്തോലിക്ക സഭയില്‍ ഇതുവരെ ഉണ്ടായതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനായ പാപ്പ. എട്ടാം നൂറ്റാ ണ്ടിനു ശേഷം യൂറോപ്പിനു പുറത്തുനിന്ന് എത്തിയ ആദ്യ പോപ്പ്. Compassion & Inclusivity, ഇത് രണ്ടും പ്രയോഗത്തിലെത്തിക്കാനാണ് പോപ്പ് ഫ്രാൻസിസ് ശ്രമിച്ചത്. കാരുണ്യം എന്നത് ആരോട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. പോപ്പ് ഇതിനായി യേശുവിൻ്റെ തത്വം തന്നെയാണ് പിന്തുടർന്നത്. ‘The last in the row’ നിങ്ങളിൽ ഏറ്റവും എളിയവനു വേണ്ടി ചെയ്യുന്നതാണ് കാരുണ്യം. ‘Poor church for poor’ ഇതായിരുന്നു പോപ്പിൻ്റെ ആപ്തവാക്യം. ‘എനിക്ക് വിശന്നു നിങ്ങള്‍ ആഹാരം തന്നില്ല, എനിക്ക് ദാഹിച്ചു നിങ്ങള്‍ വെള്ളം തന്നില്ല, ഞാന്‍ രോഗിയായിരുന്നു നിങ്ങളെന്നെ ശുശ്രൂഷിച്ചില്ല, ഞാന്‍ കാരാഗൃഹത്തിലായിരുന്നു നിങ്ങളെന്നെ സന്ദര്‍ശിച്ചില്ല’ വിശക്കുന്നവന് മുന്നില്‍ ആഹാരമായും ദാഹിക്കുന്നവന് കുടിനീരായും ഏകാകിക്ക് ചങ്ങാത്തമായും മാറുന്ന ജീവിതമാണ് ക്രിസ്തുവിന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞിരുന്ന ഒരു വൈദിക ശ്രേഷ്ഠനായിരുന്നു പോപ്പ് ഫ്രാന്‍സിസ്. ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും
അഭികാമ്യവുമായ വിധത്തില്‍, എവർക്കും ലഭ്യമാകുന്ന വ്യവസ്ഥ അദ്ദേഹം സ്വപ്നം കണ്ടു. പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മിലുള്ള നിശബ്ദമായ പോരാട്ടം ഇനി എങ്ങനെയാവും ലോകത്തെ നയിക്കുക എന്ന് ഉറ്റു നോക്കുകയാണ്. പലസ്തീൻ ജനതയ്ക്കൊപ്പം എന്നപോലെ ലോകമെമ്പാടുമുള്ള മർദ്ദിത സമൂഹങ്ങൾക്കൊപ്പമായി രുന്നു ഫ്രാൻസിസ്. ചെഗുവരയുടെ നാട്ടിൽ നിന്നെത്തിയ പോപ്പ് ദൈവരാജ്യത്തിൽ അടിമയും ഉടമയുമില്ല എന്ന സമത്വത്തിൻ്റെ സുവിശേഷകനായി. ക്രിസ്തു നല്കിയ വിപ്ലവകരമായ സാമൂഹ്യ സന്ദേശം എല്ലാവിധ അസമത്വങ്ങളെയും വിവേചനങ്ങളെ യും ഇല്ലാതാക്കുന്നതാണെന്ന ഉറച്ച ബോധ്യത്തിൽ സഭയെ നയിച്ചു. നല്ല മനുഷ്യരാ വാൻ ദൈവവിശ്വാസിയാകണമെന്ന് നിർബന്ധമില്ലെന്നു തുറന്നു പറഞ്ഞ പോപ്പിനെ കാണാൻ സെൻ്റ് ബസലിക്കയിലെ പേപ്പലിൽ രണ്ട് പ്രാവശ്യം സന്ദർശിക്കാനും സെൻ്റ് ഫ്രാൻസിസിനെ കാണാനും സാധിച്ചത് അവിടുത്തെ നിയോഗമോ നിമിത്തമോ ആയി ഞാൻ ഇന്നും വിശ്വസിക്കുന്നു. കുലീനമായ ഒരാത്മാവാണ് നമ്മെ വിട്ടുപോയി രിക്കുന്നത്. ആദ്ദേഹത്തോടൊപ്പം, അദ്ദേഹം ജീവിച്ച കാലത്ത് ജീവിക്കാനായതിൽ ക്കവിഞ്ഞ് മറ്റെന്ത് പുണ്യമാണ് നമുക്ക് വേണ്ടത്. അറ്റുപോയ കണ്ണികളെ വിളക്കിച്ചേ ർക്കാൻ കരിന്തിരിയാളും മുമ്പേ പ്രകാശം നിലനിർത്താൻ നമുക്കും ആവും വിധം ശ്രമിച്ച്, അവിടുത്തെ മാർഗ്ഗങ്ങളെ സ്വീകരിക്കാം.
“ഞാൻ നിങ്ങളെ ആശീർവദിക്കും മുന്നെ നിങ്ങൾ എന്നെ ആശീർവദിക്കുക.’’ എന്ന പാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ജീവിക്കുന്ന വർഷത്തേക്കാൾ വർഷിക്കുന്ന ജീവിതത്തിനുടമകളായി, കുറച്ചു കൂടി നല്ല മനുഷ്യരായി, ജീവിച്ച് അദ്ദേഹത്തോട് ആദരവ് കാട്ടാം. അനുതാപത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഉട യാടകൾ ധരിച്ച, വ്യവസ്ഥകളില്ലാതെ എല്ലാവരേയും ചേർത്തു നിർത്തിയ, ആർഭാടം ഏതുമില്ലാതെ ജീവിച്ച പാപ്പ തനിക്ക് സ്മാരകങ്ങൾ ഉണ്ടാവരുത് എന്ന് അനുശാസി ച്ചു. നമുക്കത് പാലിക്കാം. മരിക്കും മുന്നേ ഉയർത്തെഴുന്നേറ്റ ഫ്രാൻസിസ് മാർപ്പാപ്പ യുടെ ചെയ്തികൾ നീതിയിലും സമാധാനത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതുലോകത്തെ സൃഷ്ടിക്കും, അത് നമ്മെ പുതുവെളിച്ചത്തിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാം.
ഡോ. സാം
അഞ്ചപ്പം – അന്നവും അക്ഷരവും ആദരവോടെ !
കേരളം, ദൈവത്തിൻ്റെ സ്വന്തം നാട് – പട്ടിണിയും ദാരിദ്ര്യവും ഇല്ല എന്ന് നമ്മൾ
കരുതുന്ന ഇടം. എന്നാൽ അതല്ല സത്യം എന്ന് തെളിയിക്കുന്നതാണ് അഞ്ചപ്പം എന്ന സംരംഭത്തിലൂടെ നാം തൊട്ടറിയുന്നത്. അതിനുള്ള മാനുഷിക ഉത്തരമാണ് അഞ്ചപ്പം.
ആർക്കും വന്നു ഭക്ഷണം കഴിക്കാവുന്ന, യാതൊരുവിധ അപമാനവും പേറാതെ ഭക്ഷണം ലഭ്യമാക്കുന്ന ഒരിടം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും അഞ്ചപ്പത്തിലേക്ക് കയറി ച്ചെല്ലാം. ലളിതമായ ഭക്ഷണം, അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്നു. 7 ഔട്ട്‌ലെ റ്റുകളിലായി ഇക്കഴിഞ്ഞ ഒൻപത് വർഷം, 9 ലക്ഷത്തിലധികം ആളുകൾക്ക് വയറു നിറ യെ അന്നം നല്കാനായി.
ഓരോ 4 സെക്കൻഡിലും ഒരാൾ ലോകത്ത് വിശന്നു മരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. 2016-ൽ കോഴഞ്ചേരിയിൽ തുടങ്ങിയ അഞ്ചപ്പത്തിൻ്റെ യാത്ര 2017-ൽ റാന്നി, 2018-ൽ നെയ്യാറ്റിങ്കര, ചങ്ങനാശ്ശേരി, 2019-ൽ കുറുവിലങ്ങാട്, തൃപ്പൂണിത്തുറ, 2025-ൽ ഏഴാമതായി തൃശ്ശൂർ. ഇത്തിരി നൊന്ത യാത്രകളാണ് ഈ ഓരൊ ഔട്ട്‌ലെറ്റു കൾക്കും പറയാനുള്ളത്. പക്ഷേ ഉള്ളുനിറഞ്ഞ്, മനസ്സുനിറഞ്ഞ് കൃതജ്ഞതയോടെ ഇറ ങ്ങിപ്പോകുന്ന ഒരു പറ്റം നിസ്വരാണ് അഞ്ചപ്പം നാൾക്കുനാൾ വർദ്ധിക്കാൻ പ്രചോദനം. ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിൽ, രുചികരവും മികവുറ്റതുമായ ഭക്ഷണം നൽകി വരുന്ന അഞ്ചപ്പത്തിലേക്ക് അകലെനിന്ന് പോലും നിരവധിപേർ ഭക്ഷണം തേടി എത്തു ന്നു. ജൈവപച്ചക്കറികൾക്കും മറ്റുമായി ഗ്രാമീണകർഷകരെയാണ് ആശ്രയിക്കുന്നത്. ഇട നിലക്കാരെ ഒഴിവാക്കി പ്രാദേശികമായി കൃഷിചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ് അഞ്ചപ്പ ത്തിൽ ഉപയോഗിക്കുന്നത്.
2018, 2019 വർഷങ്ങളിലെ പ്രളയം, ലോകത്തെ പിടിച്ചുലച്ച മഹമാരി, ഈ കാലങ്ങളിലൊക്കെ അഞ്ചപ്പം നൽകിയ അഭയം, ആശ്രയത്വം, അന്നം ഒക്കെ വിവ രണാതീതമാണ്. വിശപ്പ് സഹിക്കാനാവാതെ ഇത്തിരി ചോറും അച്ചാറും ചോദി ച്ചെത്തിയ ഒരാളുടെ കണ്ണിലെ ദൈന്യത ഒന്നുമാത്രം മതി ഏതു വറുതിയിലും അഞ്ചപ്പത്തിനു മുന്നോട്ടുപോകാൻ. അപരിചിതരായ ഒരു പറ്റം ആളുകളുടെ പിന്തുണയല്ലാതെ, പരസ്യപ്രചാരണമോ ക്യാൻവാസിംഗോ ഇല്ല. തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും നൂറുരൂപ വരെ മുടങ്ങാതെ എത്തിക്കുന്ന, ചെറിയ മനുഷ്യരുടെ
വലിയ പിന്തുണ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ചില ഇടങ്ങളിൽ നിന്നും ലഭിക്കുന്ന ഇത്തരം കരുതൽ മാത്രമാണ് അഞ്ചപ്പ ത്തിൻറെ മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഊർജ്ജം. അഞ്ചപ്പത്തിൽ ആർക്കും ബില്ലു കൾ നല്കാറില്ല. പണമില്ല എന്ന ഒറ്റ കാരണത്താൽ ആരും വിശന്നിരിക്കരുത് അത് മാത്രമാണ് അഞ്ചപ്പത്തിൻ്റെ ലക്ഷ്യം. കഴിച്ചിറങ്ങുമ്പോൾ കൈയിൽ എന്തെ ങ്കിലും ഉണ്ടെങ്കിൽ സംഭാവനപ്പെട്ടിയിൽ ഇടാം. അതും നിർബന്ധമില്ല. അഞ്ചപ്പം തുടങ്ങിയ നാൾ മുതൽ മുടങ്ങാതെ ഭക്ഷണം കഴിക്കാൻ എത്തുന്ന കുറച്ച് സാധാ രണക്കാരും പച്ചക്കറിയും പലവ്യഞ്‌ജനാവും എത്തിച്ചു തരുന്ന വഴിപോക്ക രുമാണ് ഇതിൻ്റെ സഹയാത്രികർ.
ആദരവാണ് അഞ്ചപ്പത്തിൻ്റെ USP!
§ വാർദ്ധക്യത്തിൻ്റെ അവശത അനുഭവിക്കുന്ന അമ്മ, കിടപ്പ് രോഗിയായ ഭാര്യ, മൂന്നു മക്കൾ, ഇവർക്കായി അന്നം തേടി അലയുന്ന ഒരാൾ എന്നും അഞ്ചപ്പത്തി ൽ എത്തി വയറു നിറയെ കഴിക്കുന്ന, കണ്ണ് നനയിക്കുന്ന ഒരു കാഴ്ചയുണ്ട്.
§ തെരുവിൽ അലയുന്ന ഒരാൾ പതിവായി അഞ്ചപ്പത്തിൽ വന്ന് അഹാരം കഴിച്ചു മടങ്ങും. കയറിക്കിടക്കാൻ ഇടമില്ലാത്ത ആ മനുഷ്യന് ഇന്ന് അഞ്ചപ്പം അന്നം മാത്ര മല്ല അഭയം കൂടിയാണ്.
ഓരോദിവസവും എത്രയേറെ ജീവിതങ്ങളെയാണ് ഇവിടെ നമ്മൾ തൊട്ടറിയുന്നത്.
ഭക്ഷണം കഴിക്കാൻ എത്തുന്നവരോട് ഒറ്റ നിബന്ധ നയെയുള്ളൂ. ആരും ആഹാരം പാഴാക്കരുത്.
മികച്ച ഒരു സാംസ്കാരിക ഇടം കൂടിയാണ് അഞ്ചപ്പം. ഓരോ ഔട്ടിലെറ്റിലും വായന ശാലകൾ, കേൾക്കാനൊരിടം. ആർക്കും ആരെയും കേൾക്കാനോ അടുത്തിരിക്കാനോ സമയമില്ലാതെ പായുമ്പോൾ ഒരല്പസമയം ഒന്നിച്ചിരിക്കാൻ കുറച്ചു വർത്തമാനം പറയാൻ ഇവിടെയെത്താം. ചേർന്ന്നിൽക്കാൻ, ചേർത്തുനിർത്താൻ… ആരുമില്ലാത്തി ടത്ത്, ആൾക്കൂട്ടത്തിൽ ഒറ്റയാവുന്നവർക്ക് ആശ്വാസമാവുകയാണ് അഞ്ചപ്പം. കയറ്റി റക്കങ്ങളോ, ഏറ്റക്കുറച്ചിലോ നോക്കി ആരും ഇവിടേക്ക് എത്തുന്നില്ല. ആത്മാവിൽ തൊട്ട നല്ല സൗഹൃദങ്ങളിലേക്കുള്ള ഇടമാണിത്. ഇത്തരം ഒറ്റപ്പെടൽ ഏറിവരുന്ന ഇന്ന്, കൂടിച്ചേരലിന്റെ,പങ്കുവയ്ക്കലിന്റെ,ആശ്വാസമാവുകയാണ് ,അഞ്ചപ്പം.
വേരുകളുടെ ആഴത്തിൽ നിന്ന് സ്വാഭാവികമായും മനോഹരമായും മരച്ചില്ലയിലേക്ക് ഒരു പൂവ് വരുന്നത്പോലെ സ്നേഹത്തിന്റെ തണലിനൊരു ഇലയാവുകയാണ് അഞ്ചപ്പം. കുറെ ചെറിയ മനുഷ്യരുടെ വലിയ ഒരിടം. ഏവർക്കും അവിടേക്ക് വരാം. ജീവിതം പറയാം, പങ്കുവയ്ക്കാം. വിശന്നുനടക്കുന്ന സഹജീവിയോട് ചേർന്നുനില്ക്കാൻ, കരുത്തും കരുത ലും പകരാൻ, നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാം. നാളത്തെ വിളക്കാവാൻ അവർക്കായി അവസരം ഒരുക്കാം. ‘അന്നം ബ്രഹ്മമാണ്’ എന്ന തൈത്തിരീയ ഉപനിഷത് വാക്യത്തിന്റെ പൊരുൾ അറിഞ്ഞ് അവരും വളരട്ടെ.
വിശപ്പിൻ്റെ പേരിൽ മോഷണക്കുറ്റത്തിനു ജയിലിലടച്ച വിക്ടർ ഹ്യൂഗോയുടെ ജീൻവാൾജീൻ എന്ന കഥാപാത്രത്തെ ആരും മറന്നിട്ടുണ്ടാവില്ല. വിശന്നപ്പോൾ ഒരല്പം ആഹാരം എടുത്തതിൻ്റെ പേരിൽ തച്ചുകൊന്ന് സെൽഫി എടുത്തു രസിച്ച മനസിക വൈകൃതം ഇങ്ങ് ഹരിതാഭമാർന്ന, പ്രബുദ്ധ കേരളത്തിലാണെന്ന് നമ്മൾ മറന്നിട്ടു ണ്ടാവില്ല. വിശപ്പിൻ്റെ വിളികേൾക്കാൻ അഞ്ചപ്പത്തിനെ പ്രേരിപ്പിക്കുനത് ഇതെല്ലാമാ ണ്. അഞ്ചപ്പത്തിന് കരുത്തും കരുതലും നൽകുന്നത് കുറച്ചു സാധാരണക്കാരാണ്. തല കുനിക്കാതെ, പണം എന്ന കേന്ദ്രബിന്ദുവിൽ തളയാതെ കുറച്ചെങ്കിലും വിശപ്പ കറ്റാൻ ആകുന്നതിൽ ഒരുപാട്പേരോട് കടപ്പാടുണ്ട്. നന്മ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഉള്ളിടത്തോളം അഞ്ചപ്പം മുന്നോട്ടു പോവുകതന്നെ ചെയ്യും.‘പട്ടിണിയായ മനുഷ്യനോടു പുസ്തകം കയ്യിലെടുക്കാൻ’ പറഞ്ഞ മഹത് വചനത്തിൻ്റെ നേർസാക്ഷ്യ മാണ് അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം. ദരിദ്രരോട് കൂടുതൽ അടുത്ത് കൂടുതൽ ശുദ്ധിയുള്ളവരാവാൻ നമുക്ക് ശ്രമിക്കാം. അസമത്വങ്ങൾ ഏതുമില്ലാ തെ മനുഷ്യരെ ബന്ധിപ്പിക്കാന്‍ ഒരു ഭക്ഷണശാലയ്ക്കു കഴിയും എന്ന് അഞ്ചപ്പം തെളിയി ച്ചുകൊണ്ടേയിരിക്കുന്നു. വിശപ്പ് എന്ന സാമൂഹിക യാഥാർത്ഥ്യത്തിന് അല്പമെങ്കിലും അറുതിവരുത്താൻ ലാഭനഷ്ടക്കണക്കുകളില്ലാതെ, സ്നേഹത്തിന്റെ, കരുതലിന്റെ, കാത്തു വയ്ക്കലിന്റെ ഇടമായി അഞ്ചപ്പം വളരുകയാണ്. ആർക്കും ഇതിൽ പങ്കാളികളാവാം, നല്ല പകർച്ചക്കാരാവാം. ഇതിൽ ഒരു ചെറുതരിയെങ്കിലും ആവാൻ ഈ ലേഖനം വായിക്കുന്ന നിങ്ങൾക്കും സാധിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ഏവർക്കും സ്വാഗതം..
ഡോ: ബേബി സാം സാമുവൽ +1(347)8828281