ലിയോ പതിനാലാമൻ പാപ്പയ്ക്ക് ഐപിഎല്ലിന്റെ പ്രാർത്ഥനാശംസകൾ

ഹൂസ്റ്റൺ: കത്തോലിക്കാ സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാപ്പായ ലിയോ പതിനാലാമനു ഐപിഎൽ (ഇന്റർനാഷണൽ പ്രയർലൈൻ) കുടുംബം പ്രാർത്ഥനാശംസകൾ നേർന്നു. ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ തന്നെയാണ് ഈ ആശംസാ സന്ദേശം അവതരിപ്പിച്ചത്.
മെയ് 13 ചൊവ്വാഴ്ച വൈകിട്ട് ചേർന്ന രാജ്യാന്തര പ്രെയർലൈൻ പതിനൊന്നാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായ യോഗത്തിലാണ് ആശംസകൾ അറിയിച്ചത്. സോവേഴ്‌സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച് (ഹ്യൂസ്റ്റൺ) വികാരി റവ. കെ.ബി. കുരുവിളയുടെ പ്രാരംഭ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന് ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ മുഖ്യതിഥിയായ സ്റ്റേറ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ മുൻ പ്രീസൈഡിങ് ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ. ഡോ. സി.വി. മാത്യുവിനെ പരിചയപ്പെടുത്തി.
വാർഷിക സമ്മേളനത്തിൽ റവ. ഡോ. ജെയിംസ് എൻ. ജേക്കബ്, ഡാളസിൽ നിന്നുള്ള പി.പി. ചെറിയാൻ, ടെന്നസിയിലുള്ള ജാക്‌സണിൽ നിന്നുള്ള അലക്സ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ മിസ്സിസ് വൽസ മാത്യു തിരഞ്ഞെടുത്ത പാഠഭാഗം വായിച്ചു. വിവാഹ വാർഷികവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേൽ അനുമോദിച്ചു.
മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഹ്യൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) നേതൃത്വം നൽകി. തുടർന്ന് ഫിലാഡൽഫിയയിൽ നിന്നുള്ള ജോസ് തോമസ് സംഗീതാലാപനവുമായി എത്തിയപ്പോൾ മുഖ്യ സന്ദേശം സൗത്ത് കരോലിനയിൽ നിന്നുള്ള ബിഷപ്പ് ഡോ. സി.വി. മാത്യു നൽകി.
പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഐപിഎൽ ദൈവത്തിങ്കൽ നിന്നും ലഭിച്ച അനുഗ്രഹങ്ങൾ ഓർത്ത് നന്ദിയോടെ കൂടുതൽ നന്മകൾക്കായി വിശ്വസ്തരായി കാത്തിരിക്കണമെന്നു ബിഷപ്പ് ഉപദേശിച്ചു.
ഐപിഎൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനം കോർഡിനേറ്റർ ടി.എ. മാത്യു അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പ്രതിവാര യോഗങ്ങളിൽ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. യോഗം റവ. ഡോ. ഇട്ടി മാത്യൂസ് (സിഎസ്‌ഐ ചർച്ച്, ഡിട്രോയിറ്റ്) സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി. ടെക്‌നിക്കൽ കോർഡിനേറ്റർമാരായി ഷിബു ജോർജ് (ഹ്യൂസ്റ്റൺ)യും ജോസഫ് ടി. ജോർജ് (രാജു, ഹ്യൂസ്റ്റൺ)യും സേവനം വഹിച്ചു.