“വിരാട് 25”: ന്യൂജഴ്‌സിയിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജതജൂബിലി കൺവൻഷൻ ആഗസ്റ്റ് 17 മുതൽ

ന്യൂയോർക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)യുടെ 25-ാമത് വാർഷിക കൺവൻഷൻ ഈ വർഷം ഓഗസ്റ്റ് 17, 18, 19 തീയതികളിൽ ന്യൂജഴ്‌സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള എംജിഎം ഇന്റർനാഷനലിൽ വച്ച് നടക്കും. പ്രസിഡന്റ് ഡോ. നിഷാ പിള്ള, സെക്രട്ടറി മധു ചെറേടത്ത്, ട്രഷറർ രഘുവരൻ നായർ എന്നിവരോടൊപ്പം കൺവൻഷൻ കൺവീനർ സുനിൽ പൈംഗോൾ നേതൃത്വം നൽകുന്ന സംഘമാണ് ‘വിരാട് 25’ എന്ന് പേരിട്ടിരിക്കുന്ന ഈ കൺവൻഷനെ വിജയിപ്പിക്കാൻ രാപകൽ പ്രവർത്തിക്കുന്നത്.
ഹൈന്ദവ ആചാരങ്ങളുടെ ഭംഗിയും കലാപരിപാടികളുടെ വൈഭവവുമൊക്കെയായി ആഗസ്റ്റ് 17ന് താലപ്പൊലി, പഞ്ചവാദ്യം, മുത്തുക്കുടകൾ എന്നിവയുമായി വർണ്ണാഭമായ ഘോഷയാത്രയോടെ കൺവൻഷൻ ആരംഭിക്കും. പങ്കെടുപ്പിക്കുന്ന എല്ലാവർക്കുമായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിന് മുൻനിര പാചകവിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടം ഉറപ്പാക്കുന്നതും ഒരു പ്രധാന ആകർഷണമായി മാറുന്നു.
ആഗസ്റ്റ് 18ന് രാവിലെ സർവൈശ്വര്യ പൂജയും, തുടർന്ന് പ്രശസ്ത കലാപരിപാടികളുമായി ദിവസവും രാത്രി വരെ ഉത്സവപരിപാടികൾ അണിനിരക്കും. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീ നാരായണനും ചേർന്ന് അവതരിപ്പിക്കുന്ന “മൃദുമൽഹാർ” സംഗീത സദസ്സും, “അഗം ബാൻഡിന്റെ” ഗാനമേളയും, ന്യൂയോർക്ക് ടീമിന്റെ “സമഷ്ടി” എന്ന സംഗീത-നൃത്ത നാടകവും പരിപാടികൾക്ക് ഉജ്വലത നൽകുന്നു.
മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, കേരള കലാമണ്ഡലത്തിന്റെ ക്ഷേത്രകലാരൂപങ്ങൾ, പഞ്ചവാദ്യം, ചെണ്ടമേളം, കഥകളി, നൃത്ത-നൃത്യങ്ങൾ തുടങ്ങി അമേരിക്കയിലെ മലയാളി കലാകാരന്മാർ അവതരിപ്പിക്കുന്ന അനവധി വൈവിധ്യമാർന്ന കലാപരിപാടികളും കൺവൻഷനിൽ ഒരുക്കുന്നുണ്ട്.
കേരള സംസ്കാരത്തിന്റെ സമ്പൂർണ പ്രതിനിധാനമായി മാറുന്ന ഈ രജതജൂബിലി സംഗമം ഹിന്ദൂ സമൂഹത്തിന്റെ ഐക്യവും ആത്മബലവും ലോകമറിയിക്കാൻ കരുത്തുറ്റ വേദിയാകുമെന്നാണ് പ്രതീക്ഷ.