KeralaLatest NewsNews

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; മകന്‍ അരുണ്‍കുമാര്‍ നന്ദി അറിയിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ കുറച്ച് മെച്ചം അനുഭവപ്പെടുന്നുവെന്ന് മകന്‍ വി.എസ്. അരുണ്‍കുമാര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന അച്ഛന്റെ നിലയില്‍ പ്രതീക്ഷപ്പെടുത്തുന്ന പുരോഗതിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചത്.

101 വയസ്സുള്ള വി.എസ്. അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്ന ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ടെത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചതായി അരുണ്‍കുമാര്‍ പറഞ്ഞു.

“അച്ഛന്റെ നില അല്‍പം മെച്ചപ്പെട്ടതായി ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളിലും ശുഭകരമായ കാര്യങ്ങളാണ് പറയുന്നത്. സഖാവ് പിണറായി വിജയനും സഖാവ് എം.വി. ഗോവിന്ദന്‍മാഷും മറ്റ് പലരും എത്തിയിരുന്നു. എല്ലാവരോടും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു,” – എന്നാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള അരുണ്‍കുമാറിന്റെ കുറിപ്പ്.

പാർട്ടി നേതാക്കളും പൊതുജനങ്ങളും വി.എസ്. അച്യുതാനന്ദന്‍ വേഗം സുഖം പ്രാപിക്കണമെന്ന് ആശംസിക്കുന്നു.

Show More

Related Articles

Back to top button