വെസ്റ്റ് വിര്‍ജീനിയയില്‍ മണ്ണിടിച്ചില്‍; നിരവധി യാത്രക്കാര്‍ എട്ടുമണിക്കൂറോളം കുടുങ്ങി

വെസ്റ്റ് വിര്‍ജീനിയ : കനത്ത മഴയെ തുടര്‍ന്ന് വെസ്റ്റ് വിര്‍ജീനിയയിലെ ഒരു ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ എട്ടുമണിക്കൂറോളം വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കേണ്ടിവന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തെക്കന്‍ വെസ്റ്റ് വിര്‍ജീനിയയിലെ ഒരു ഗ്രാമീണ അന്തര്‍സംസ്ഥാന ഹൈവേയുടെ ഭാഗത്താണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായി തകരാറിലായത്.
സംസ്ഥാന തലസ്ഥാനമായ ചാള്‍സ്റ്റണിന് ഏകദേശം 32 കിലോമീറ്റര്‍ തെക്കായുള്ള ടേണ്പൈക്കിലാണ് അപകടം നടന്നത്. ഏകദേശം 19 കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ നീങ്ങാനാവാതെ നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും പാത മണ്ണിനടിയിലായി മറഞ്ഞുപോയതിനാലാണ് പ്രശ്നം രൂക്ഷമായത്.
യാത്രക്കാര്‍ രാത്രിയിലുടനീളം വാഹനങ്ങളിലായിരുന്നു. കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ലെന്നും, കുട്ടികള്‍ക്ക് ശുചിമുറി ഉപയോഗിക്കാനാകാതെ വലിയ ബുദ്ധിമുട്ടുണ്ടായെന്നും ആളുകള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. ആദ്യമായ് എന്താണ് സംഭവിച്ചതെന്ന് അറിയാനാകാതെ യാത്രക്കാര്‍ ആശങ്കയിലായി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. അല്‍പ്പസമയത്തിനകം പാത തുറക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.




