ന്യൂജഴ്‌സിയില്‍ കനത്ത മഴ: വാഹനം നദിയിലേക്കു വീണ് രണ്ട് മരണം; വ്യാപക വെള്ളപ്പൊക്കം.

ന്യൂയോര്‍ക്ക് ∙ ന്യൂജഴ്‌സിയില്‍ കനത്ത മഴയും കാറ്റും സൃഷ്ടിച്ച വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുക്കില്‍പെട്ട് നദിയിലേക്കു വീണ് രണ്ട് മരണം. തിങ്കളാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയോടൊപ്പം വെള്ളപ്പൊക്കം രൂക്ഷമായതോടെ നിരവധി വാഹനങ്ങള്‍ മുങ്ങി, ഗതാഗതം താറുമാറായി.
വാഹനത്തില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട കാറിനൊപ്പം നദിയിലേക്കു വീണതോടെയാണ് ദാരുണാന്ത്യം. നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
റോഡുകളില്‍ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ വാഹനങ്ങളില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷപ്പെടുത്തി. ന്യൂയോര്‍ക്ക് നഗരത്തില്‍ മണിക്കൂറില്‍ ശരാശരി 5 സെ.മി. മഴ രേഖപ്പെടുത്തി. സബ്വേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കം ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളിലായി വ്യാപകമായിരിക്കുകയാണ്. അധികൃതര്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.




