EducationIndiaLatest NewsLifeStyleNewsOther Countries

വിദ്യാഭ്യാസത്തിന് യൂറോപ്പിലേയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് ഉയരുന്നു

ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്പിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയാണ്. മറുവശത്ത്, കാനഡ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലേയ്ക്ക് വിദ്യാർത്ഥികൾ പോകുന്നത് കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുറയുകയാണ്.

ഏറെക്കാലമായി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളായിരുന്ന കാനഡയിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം 32 ശതമാനം കുറഞ്ഞു. നേരത്തെ 2.78 ലക്ഷം പേർക്കാണ് പെർമിറ്റ് നൽകിയത്. ഇപ്പോൾ അത് 1.89 ലക്ഷമായി കുറഞ്ഞു. യുഎസിലും 34 ശതമാനം കുറവാണ്. എഫ്1 സ്റ്റുഡന്റ് വിസകളുടെ എണ്ണം 2023–24 കാലയളവിൽ 1.31 ലക്ഷത്തിൽ നിന്ന് 86,110 ആയി കുറച്ചു. യുകെയിലും 26 ശതമാനം കുറവാണ്, മുന്‍വർഷം 1.20 ലക്ഷം വിസ നൽകിയപ്പോൾ ഇപ്പോള്‍ അത് 88,732 ആയി താഴ്ന്നു.

വിദ്യാർത്ഥികൾക്കായി വിസ നിയന്ത്രണങ്ങൾ ശക്തമാക്കിയതും ആശ്രിത വിസയ്ക്കുള്ള കടുത്ത നിയന്ത്രണവുമാണ് ഈ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവ് കുറയാൻ കാരണമായത്.

ഇതിനിടയിലാണ് യൂറോപ്പിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് 80 ശതമാനം വരെ വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. 2018–19ൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ കോളേജുകളിൽ 56,255 വിദ്യാർത്ഥികളായിരുന്നു. 2024ൽ ഈ സംഖ്യ 90,000 കവിഞ്ഞു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 11.6 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പഠിക്കുന്നു.

“വിദ്യാഭ്യാസ പരിപാടികളുടെയും സാംസ്‌കാരികപരമായ അനുഭവങ്ങളുടെയും വൈവിധ്യം യൂറോപ്പിനെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാക്കുന്നു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സുഹൃദ്ബന്ധം മൂലം കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉണ്ടാകുന്നു,” യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിൻ പറഞ്ഞു.

Show More

Related Articles

Back to top button