ഫോമാ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വം: തോമസ് ടി. ഉമ്മൻ ചെയർമാൻ

ന്യൂയോർക്ക് : അമേരിക്കയിലെ മലയാളികളുടെ ഫെഡറേഷൻ ആയി പ്രവർത്തിക്കുന്ന ഫോമായുടെ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വസംഘം തിരഞ്ഞെടുത്തു. ഫോറത്തിന്റെ ചെയർമാനായി ഫോമായുടെ മുതിർന്ന നേതാവായ തോമസ് ടി. ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ആയി സിജു ഫിലിപ്പ് (അറ്റ്ലാന്റ) സ്ഥാനമേൽക്കും.
കമ്മിറ്റിയിലേക്ക് ഷാജി വർഗീസ് (ന്യൂയോർക്ക്), വിൽസൺ നെച്ചിക്കാട്ട് (കലിഫോർണിയ), ഷാന്റി വർഗീസ് (ഫ്ലോറിഡ), ജോസ് മലയിൽ (ന്യൂയോർക്ക്) എന്നിവരെയും ഉൾപ്പെടുത്തി. കൂടാതെ, ഫോമാ നാഷനൽ കമ്മിറ്റി പ്രതിനിധിയായി ജോർജ് മാത്യുവിനെയും (ഷിക്കാഗോ) നിയമിച്ചു.
ചെയർമാനായി തിരഞ്ഞെടുത്ത തോമസ് ടി. ഉമ്മൻ, ഫോമയുടെ ആദ്യ ബൈലോ കമ്മിറ്റി വൈസ് ചെയർമാനായി സേവനം ചെയ്തതോടൊപ്പം, നാഷനൽ കമ്മിറ്റി അംഗം, ട്രഷറർ, അഡ്വൈസറി ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. പൊളിറ്റിക്കൽ ആൻഡ് സിവിക് ഫോറം പ്രസിഡന്റായി മൂന്നു തവണ പ്രവർത്തിച്ച അദ്ദേഹം, ‘ലിംക്’ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു.
സെക്രട്ടറിയായ സിജു ഫിലിപ്പ്, അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനാണ്. ഫോമാ സൗത്ത് ഈസ്റ്റ് റീജനൽ സെക്രട്ടറി, ജൂനിയർ അഫയേഴ്സ് സെക്രട്ടറി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കമ്മിറ്റിയംഗമായ ഷാജി വർഗീസ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ട്രഷററായി, ഓഡിറ്ററായി സേവനം ചെയ്തിട്ടുണ്ട്. ഫോമാ മെട്രോ റീജൻ കമ്മിറ്റിയിലും ‘കലാവേദി’യുടെ സാംസ്‌കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.
വിൽസൺ നെച്ചിക്കാട്ട് നിലവിൽ സാക്രമെന്റോ റീജനൽ അസോസിയേഷൻ ഓഫ് മലയാളിസിന്റെ പ്രസിഡന്റാണ്. ഷാന്റി വർഗീസ്, നവകേരള അസോസിയേഷൻ ഓഫ് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ ട്രഷററും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്.
ജോസ് മലയിൽ, ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്ചെസ്റ്ററിന്റെ മുൻ പ്രസിഡന്റ് കൂടിയാണ്. ഫോമയുടെ നാഷനൽ കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ, കുറവിലങ്ങാട് അസോസിയേഷൻ, എസ്.എം.സി.സി., വൈസ്പ്മെൻ ഇന്റർനാഷനൽ തുടങ്ങിയ സംഘടനകളിലും നേതൃത്വം വഹിച്ചിട്ടുണ്ട്.
പുതിയ ഫോറത്തിലേക്ക് നാമനിർദേശമായ ജോർജ് മാത്യു, സെൻട്രൽ റീജൻ പ്രതിനിധിയായി ഫോമാ നാഷനൽ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
പുതിയ നേതൃസംഘത്തെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭിനന്ദിക്കുകയും ഹൃദയപൂർവം ആശംസിക്കുകയും ചെയ്തു.




