ജപ്പാനുമായി വമ്പൻ വ്യാപാര കരാർ പ്രഖ്യാപിച്ച് ട്രംപ് ; ഇന്ത്യയും പ്രതീക്ഷയോടെ

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജപ്പാനുമായി വലിയൊരു വ്യാപാര കരാർ പ്രഖ്യാപിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായാണ് ഈ കരാർ ട്രംപ് വിശേഷിപ്പിച്ചത്. ജപ്പാൻ ഏകദേശം 550 ബില്യൻ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കും എന്നും അമേരിക്കക്ക് അതിൽ നിന്നു 90 ശതമാനം ലാഭം ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
പുതിയ കരാർ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ട്രംപ് പറഞ്ഞു. ജപ്പാൻ കാറുകൾ, ട്രക്കുകൾ, അരി, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി കൂടുതൽ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇനി 15 ശതമാനം തീരുവ മാത്രമേ ഏർപ്പെടൂ എന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെയാണ് ചൊവ്വാഴ്ച രാത്രി ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. മാസങ്ങളായി തുടർന്നുവരുന്ന ചർച്ചകൾക്ക് ശേഷമാണ് കരാർ യാഥാർഥ്യമാകുന്നത്. ജപ്പാനുമായി അമേരിക്കയുടെ സൗഹൃദബന്ധം തകർക്കാത്തവിധം മുന്നോട്ടുപോകും എന്നും ട്രംപ് വ്യക്തമാക്കി.
മുമ്പ് ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 24 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയിരുന്നെങ്കിലും ഏപ്രിലിൽ ട്രംപ് 90 ദിവസത്തേക്ക് ആ തീരുവ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് ഇത് 10 ശതമാനമായി കുറച്ചു. എന്നാൽ ജൂലൈ ആദ്യവാരം, ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്ക് അയച്ച കത്തിൽ, ഓഗസ്റ്റ് 1 മുതൽ വീണ്ടും 30 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ കരാർ പ്രഖ്യാപിച്ചത്.
ഇതോടെ, ഇന്ത്യയും ആശയക്കുഴപ്പത്തിൽനിന്ന് കരാറിലേക്ക് കടക്കാൻ ശ്രമം ശക്തമാക്കുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണ്. ട്രംപിന്റെ തീരുവ സമയം ഓഗസ്റ്റ് 1ന് അവസാനിക്കാനിരിക്കെ, ഇരുരാജ്യങ്ങളും ഇടക്കാല കരാറിലേക്ക് എത്താൻ ശ്രമിക്കുന്നു.
വാഷിംഗ്ടനിൽ കഴിഞ്ഞ ആഴ്ച പഞ്ഞാംഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യയെ അപേക്ഷിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, വാഴപ്പഴം തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവ് പ്രതീക്ഷിക്കുന്നുണ്ട്.
അമേരിക്കയുടെ ഭാഗത്ത് നിന്ന്, ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, ആപ്പിള്‍, നട്സ്, ക്ഷീര ഉൽപ്പന്നങ്ങൾ, ജനിതകമാറ്റം വരുത്തിയ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നു.
ഓഗസ്റ്റ് 1ക്ക് മുമ്പായി ഒരു ഇടക്കാല കരാർ ഉണ്ടാകാനാണ് ശ്രമം. മൊത്തത്തിലുള്ള ഉഭയകക്ഷി വ്യാപാര കരാർ ഈ വർഷം സെപ്റ്റംബർ-ഒക്ടോബറിലേക്ക് ലക്ഷ്യമിടുന്നു.
ജപ്പാനുമായുള്ള വമ്പൻ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ പുതിയ ചലനം ഉണ്ടാക്കുമോയെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.




