AmericaKeralaLatest NewsNews

മനുഷ്യസ്നേഹത്തിനുള്ള മദർ തെരേസ സേവന അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി : മദർ തെരേസയുടെ മാതൃസ്നേഹത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ നടന്ന മദർ തെരേസ സേവന അവാർഡ് സീസൺ-2 ചടങ്ങ് സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് ചിറമേൽ ട്രസ്റ്റ് കൂട്ടുവളളി കുട്ടികളെ സാമൂഹിക സേവനത്തിലേക്ക് പ്രോത്സാഹിപ്പിക്കാനാണ് ഈ അവാർഡുകൾ സ്ഥാപിച്ചത്.

കൂനമ്മാവ് സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ യു.പി. വിഭാഗത്തിൽ നെടുങ്ങപ്ര സെന്റ് ആന്റണീസ് സ്കൂളിലെ എയ്ഞ്ചൽ ഷിബുവും, ഹൈസ്‌കൂൾ വിഭാഗത്തിൽ കോഴിക്കോട് കല്ലനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ അൻവിത അജിയും അവാർഡ് നേടിയവരാണ്.

ഓരോരുത്തർക്കും ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി. ഇവർക്കെല്ലാം മദർ തെരേസയുടെ കൊൽക്കത്തയിലെ ആശ്രമം സന്ദർശിക്കാനുള്ള കുടുംബയാത്രാ അവസരവും നൽകും. എംടിഎസ്എ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡണ്ടും, കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും, പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

അമേരിക്കൻ മലയാളിയായ ജോൺസൻ സാമുവേലിന്റെ നേതൃത്വത്തിലുള്ള ലൈഫ് ആൻഡ് ലിംബ്സ് ചാരിറ്റബിൾ ട്രസ്റ്റാണ് ഈ അവാർഡുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ട്രസ്റ്റ് വൈസ് ചെയർമാൻ രാജൻ തോമസ്, സി.വി. ജോസ്, ഡോ. വി.വി. റോസ്, ബിജോയ് സി. ആന്റണി, വില്യം വർഗീസ്, മീന രാജൻ, സിസ്റ്റർ വിമൽ ജോസ്, സിസ്റ്റർ നിരഞ്ജന, സിസ്റ്റർ ബെൻസി തെരേസ, സിസ്റ്റർ സീന ജോസ്, ഡോ. ഇന്ദു ശരത്ത് തുടങ്ങിയവർ സംസാരിച്ചു.

ഫാ. ഡേവിസ് ചിറമേൽ ട്രസ്റ്റിന്റെ കാരുണ്യശ്രീ അവാർഡ് ഈ വർഷം തിരുവനന്തപുരത്തെ സന്നദ്ധസംഘടനയായ മേഴ്‌സി കോപ്‌സിന്റെ സ്ഥാപകനും റൂറൽ എസ്.പി.യുമായ കെ.എസ്. സുദർശനന് നൽകിയതായി പ്രഖ്യാപിച്ചു. അവാർഡായി 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് നൽകിയത്. അവാർഡ് തുക ട്രസ്റ്റിന്റെ സേവനങ്ങൾക്കായാണ് അദ്ദേഹം കൈമാറിയത്.

മാവേലിക്കരയിൽ ആസ്ഥാനം ഉള്ള ലൈഫ് ആൻഡ് ലിംബ്സ് ചാരിറ്റബിൾ ട്രസ്റ്റ് കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമകാലുകൾ നൽകി സഹായിക്കുകയാണ്. 2024 ഡിസംബറിൽ 115 കാലുകൾ 100 ആളുകൾക്ക് നൽകിയിരുന്നു. 2025 ലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.

ആവശ്യമുള്ളവർക്ക് ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാം. അപേക്ഷകർക്ക് 55 വയസ്സിൽ താഴെ പ്രായമാകണം, കാൽ നഷ്ടപ്പെട്ടിട്ട് കുറഞ്ഞത് ആറുമാസമെങ്കിലും ആയിരിക്കണം, കൃത്രിമക്കാൽ ഉപയോഗിക്കാൻ ശരീരാരോഗ്യം മതിയായിരിക്കണം. സ്വന്തം ചെലവിൽ കാലുകൾ വാങ്ങാൻ കഴിയുന്നവർക്ക് ഈ പദ്ധതിയിൽ ഉൾപ്പെടാനാവില്ല.

അപേക്ഷിക്കേണ്ടവർ www.LifeandLimbs.org എന്ന വെബ്സൈറ്റിൽ പോയി “Register” എന്ന ബട്ടൺ ക്ലിക്ക് ചെയ്ത്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചാൽ മതി.

Show More

Related Articles

Back to top button