ചൈനയുടെ നിശബ്ദ പിന്മാറ്റം: അമേരിക്കൻ എണ്ണ വിപണിയിൽ ഹൂസ്റ്റൺ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം

ഹൂസ്റ്റൺ, ടെക്സസ് :ഒരുകാലത്ത് അമേരിക്കൻ ക്രൂഡ് ഓയിലിന്റെ പ്രധാന ഇറക്കുമതിക്കാരായിരുന്ന ചൈന, അമേരിക്കൻ എണ്ണ ഇറക്കുമതിയിൽ നിന്ന് പതിയെ നിശബ്ദമായി പിന്മാറിയിരിക്കുന്നു. ഈ നീക്കം ഹൂസ്റ്റണിന്റെ ഊർജ്ജാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്.
വലിയ സംസാരങ്ങളും വാർത്താക്കുറുപ്പുകളും ഒന്നുമില്ലാതെ വളരെ നിശബ്ദമായിയാണ് ചൈനയുടെ ഈ മാറ്റം. ഫെബ്രുവരിയിൽ ബീജിംഗ് യു.എസ്. ക്രൂഡിന് 10% തീരുവ ഏർപ്പെടുത്തി. ആഴ്ചകൾക്കകം, ദിനംപ്രതി ശരാശരി 1,60,000 ബാരൽ എണ്ണ വാങ്ങിയിരുന്ന ചൈനയുടെ ഓർഡറുകൾ ഏതാണ്ട് പൂജ്യത്തിലേക്ക് കൂപ്പുകുത്തി. പകരം, റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാൻ എന്നിവയുമായി ദീർഘകാല എണ്ണ കരാറുകൾ വിപുലീകരിച്ചു. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ അമേരിക്കൻ ഡോളറിന് പകരം യുവാൻ കറൻസിയിൽ ആണ് നടത്തുന്നത്.
നിശ്ചലമായ തുറമുഖങ്ങളും മന്ദഗതിയിലായ പൈപ്പ്‌ലൈനുകളും
ഈ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഹൂസ്റ്റണിൽ പ്രകടമായി തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഏഷ്യൻ വിപണിയിലെ വളർച്ചയെ മുന്നിൽക്കണ്ട് കഴിഞ്ഞ ദശകത്തിൽ വൻതോതിൽ വികസിപ്പിച്ച ഹൂസ്റ്റൺ തുറമുഖവും അടുത്തുള്ള കോർപ്പസ് ക്രിസ്റ്റി ടെർമിനലുകളും ഇപ്പോൾ ഉപയോഗം കുറഞ്ഞ നിലയിലാണ്.
ക്രെയിനുകൾ നിശ്ചലമാണ്. സംഭരണ ടാങ്കുകൾ പകുതി മാത്രം നിറഞ്ഞിരിക്കുന്നു. ചൈനയിലേക്കുള്ള ടാങ്കറുകളെ നയിച്ചിരുന്ന ടഗ്‌ബോട്ടുകൾ കൂടുതൽ സമയം തുറമുഖത്ത് തന്നെ ഏതാണ്ട് നിശ്ചലമായി കിടക്കുന്നു. ഏഷ്യയിലേക്കുള്ള കയറ്റുമതിക്കായി രൂപകൽപ്പന ചെയ്ത പൈപ്പ്‌ലൈനുകളിൽ ഇപ്പോൾ കുറഞ്ഞ അളവിലാണ് എണ്ണ പ്രവഹിക്കുന്നത്. ഇതിനാൽ ഓപ്പറേറ്റർമാർ യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് എണ്ണ തിരിച്ചുവിടേണ്ടി വരുന്നതിനെപ്പറ്റി ആലോചിക്കുന്നു. എന്നാൽ ലോകത്തുള്ള എല്ലാ രാജ്യങ്ങളുമായി വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന അമേരിക്കയ്ക്ക് അതിന് എത്രമാത്രം സാധിക്കും എന്നത് ഇപ്പോഴും സാമ്പത്തിക വിദഗ്ധർ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ചൈനയുടെ വലിപ്പമോ വിലനിർണ്ണയ ശക്തിയോ ഈ വിപണികൾക്ക് പകരം വയ്ക്കാനാവില്ല എന്നതും ഒരു പ്രശ്നമായി അവർ ചൂണ്ടിക്കാട്ടുന്നു.
“ഇത് വെറുമൊരു താൽക്കാലിക ഇടിവല്ല, വ്യാപാര പ്രവാഹങ്ങളിൽ ഒരു അടിസ്ഥാന മാറ്റമാണ്,” ഹൂസ്റ്റണിലെ ഊർജ്ജ ലോജിസ്റ്റിക്സ് കൺസൾട്ടന്റ് മാർക്ക് ഹെർണാണ്ടസ് പറഞ്ഞു. “ചൈനയെ മുന്നിൽക്കണ്ടാണ് ഞങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചത്. ഇനി അവർ തിരികെ വരാൻ പോകുന്നില്ല.”
തൊഴിലും വരുമാനവും അപകടത്തിൽ
ഈ മന്ദഗതി ഹൂസ്റ്റണിൽ എണ്ണ കയറ്റുമതിയുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങളെ ഭീഷണിയിലാക്കുന്നു. തുറമുഖ തൊഴിലാളികൾ, റിഫൈനറി ജോലിക്കാർ, പൈപ്പ്‌ലൈൻ ടെക്നീഷ്യന്മാർ, ട്രക്കിംഗ് കമ്പനികൾ, തുറമുഖ സേവനദാതാക്കൾ എന്നിവർക്ക് ഇതിന്റെ പ്രഹരം ഇതിനോടകം അനുഭവപ്പെടുന്നുണ്ട്. കുറഞ്ഞ ഷിപ്പിംഗ് പ്രവർത്തനങ്ങൾ ഹാരിസ് കൗണ്ടിയിലെയും സമീപ മുനിസിപ്പാലിറ്റികളിലെയും നികുതി വരുമാനത്തിനും കോട്ടം വരുത്തും.
തുറമുഖ വ്യാപാരത്തെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങൾ, ചെറുകിട വിതരണക്കാർ മുതൽ വ്യാവസായിക വിതരണക്കാർ, പ്രാദേശിക ഭക്ഷണശാലകൾ വരെ—നഷ്ടത്തിന്റെ വക്കിലാണ്.
ആഗോള എണ്ണ വ്യാപാരത്തിന്റെ പുനർക്രമീകരണം
യു.എസ്. എണ്ണ വിപണിയിൽനിന്നുള്ള ചൈനയുടെ പിന്മാറ്റം ആഗോള ഊർജ്ജ വിപണിയിലെ വൻ പുന ക്രമീകരണത്തിന്റെ ഭാഗമാണ്. റഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഇറാനിയൻ ക്രൂഡോയിൽ വാങ്ങുന്നവരിൽ പ്രധാനിയായി ചൈന മാറിയിരിക്കുന്നു. ഇവയിൽ ഭൂരിഭാഗവും ആഗോള ഷിപ്പിംഗ് സംവിധാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന “ഷാഡോ ഫ്ലീറ്റ്” ടാങ്കറുകൾ വഴിയാണ് എത്തുന്നത്.
അമേരിക്കയുടെ സാങ്ഷനുകളെ തൃണവൽഗണിച്ചുകൊണ്ട് ഇറാൻ ചൈന ബന്ധം ഇതോടെ ശക്തിപ്പെടും എന്ന് ഉറപ്പായി.
വടക്കേ അമേരിക്കയിൽ, കാനഡയും മെക്സിക്കോയും യു.എസ്. തുറമുഖങ്ങളെ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ട് ബില്യൺ ഡോളറിന്റെ നോർത്തേൺ കോറിഡോർ ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് വികസിപ്പിക്കുന്നു—ഇത് ഹൂസ്റ്റണിന്റെ വടക്കേ അമേരിക്കൻ വ്യാപാര കേന്ദ്രമെന്ന സ്ഥാനത്തിന് മറ്റൊരു തിരിച്ചടിയാണ്.
തന്ത്രപരമായ പ്രത്യാഘാതങ്ങൾ
ചൈനയുടെ ഈ നീക്കം ഹൂസ്റ്റണിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നതിനോടൊപ്പം അതിനപ്പുറം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന് ഊർജ്ജ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡോളറിന് പകരം യുവാനിൽ എണ്ണ വ്യാപാരം നടത്തുന്നതിലൂടെ, ആഗോള ഊർജ്ജ വിലനിർണ്ണയത്തിലും ഉപരോധ നടപ്പാക്കലിലും യു.എസിന്റെ സ്വാധീനം ബീജിംഗ് കുറയ്ക്കുന്നു.
“ ഡോളറിന് പകരം യുവാൻ കറൻസിയിൽ ചൈന വാങ്ങുന്ന ഓരോ ബാരൽ എണ്ണയും അമേരിക്കയുടെ സാമ്പത്തിക മേൽക്കോയ്മയെ ദുർബലപ്പെടുത്തുന്നു,” യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ ഊർജ്ജ സാമ്പത്തിക വിദഗ്ധ ഡോ. അലീസിയ മൂർ പറഞ്ഞു. “യു.എസ്. ഊർജ്ജ കയറ്റുമതിയുടെ ഭൗതിക കവാടമായ ഹൂസ്റ്റണിന് ഇത് വിപണി വിഹിതവും തന്ത്രപരമായ പ്രാധാന്യവും നഷ്ടപ്പെടുത്തുന്നു.”
യഥാർത്ഥ നഷ്ടം വെറും എണ്ണയുടെ ബാരലുകളിൽ അല്ല—അത് സ്വാധീനത്തിന്റെ തകർച്ചയായിരുന്നു. ഒരു കാലത്ത് അമേരിക്ക ലോക വ്യാപാരത്തിന്റെ അനിഷേധ്യ മധ്യസ്ഥനും ആകർഷണ കേന്ദ്രവുമായിരുന്നു. എന്നാൽ ഇപ്പോൾ, സഖ്യകക്ഷികളും എതിരാളികളും ഒരുപോലെ അമേരിക്കയെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ സംവിധാനങ്ങൾ കെട്ടിപ്പടുക്കുകയാണ്. ഉച്ചകോടികളോ ഉപരോധങ്ങളോ ബ്രേക്കിംഗ് ന്യൂസുകളോ ഇല്ല—നിശബ്ദമായ ഒരു ദിശാമാറ്റം മാത്രം.
ചൈന അവരുടെ വാതിൽ വലിയ ശബ്ദം ഉണ്ടാക്കിയ അല്ല അടച്ചത്; പകരം അവർ ഒരു പുതിയ വീട് പണിതു. അതിന് പുതിയ വാതിലുകളും പുതിയ താക്കോലും. അവിടെ അമേരിക്കയ്ക്ക് പ്രവേശനം ഇല്ല എന്ന് എഴുതിയ പ്രവേശന കവാടവും.
മറ്റ് ലോകരാജ്യങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് കുതിക്കുമ്പോൾ, അമേരിക്ക ഒരു ഒഴിഞ്ഞ മുറിയിൽ നിന്ന്, ആർക്കും കേൾക്കാനാവാതെ
ഇന്ത്യ പാകിസ്ഥാൻ യുദ്ധം നിർത്തിയത് ഞാനാണ്
ഇസ്രായേൽ ഇറാൻ യുദ്ധം നിർത്തിയത് ഞാനാണ്
കമ്പോഡിയ തായ്‌ലാൻഡ് യുദ്ധം നിർത്തിയത് ഞാനാണ്
ടോം ആൻഡ് ജെറിയുടെ യുദ്ധം പോലും നിർത്തിയത് ഞാനാണ് എന്ന തങ്ങളുടെ വീരഗാഥകളെ കുറിച്ച് ആർത്തുവിളിക്കുകയാണ്.




