അന്താരാഷ്ട്ര വടംവലി മെഗാ ഷോയ്ക്ക് ന്യൂയോർക്ക് ഒരുങ്ങി.

ന്യൂയോർക്ക് ∙ മലയാളി കൂട്ടായ്മയായ ന്യൂയോർക്ക് സോഷ്യൽസ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മെഗാ ഷോ 2025 – Season 2 (Powered by Jithin Varghese Century-21) ഓഗസ്റ്റ് 23-ന് റോക്ക്‌ലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്യൂണിറ്റി സെന്ററിൽ നടക്കും. അമേരിക്ക, യുകെ, കാനഡ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15-ലധികം ടീമുകൾ മത്സരിക്കും.
ഒന്നാം സ്ഥാനത്തിന് റോബർട്ട് അരീച്ചിറ സ്‌പോൺസർ ചെയ്യുന്ന 5,001 യുഎസ് ഡോളർ, രണ്ടാം സ്ഥാനത്തിന് റോയ് മറ്റപ്പിള്ളി നൽകുന്ന 3,001 യുഎസ് ഡോളർ, മൂന്നാം സ്ഥാനത്തിന് മുപ്പ്രാപ്പള്ളിൽ ബ്രദേഴ്സ് നൽകുന്ന 2,001 യുഎസ് ഡോളർ, നാലാം സ്ഥാനത്തിന് തോമസ് നൈനാൻ നൽകുന്ന 1,001 യുഎസ് ഡോളർ എന്നിവ സമ്മാനമായി നൽകും. അഞ്ചു മുതൽ എട്ട് വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ബെർണി മുല്ലപ്പള്ളി, ഫ്രണ്ട്സ് ഡിജെ, ഗ്ലോബൽ കൊളീഷൻസ്, ലക്സ് ഡിസൈൻസ് എന്നിവർ സ്‌പോൺസർ ചെയ്യുന്ന 500 യുഎസ് ഡോളർ വീതവും ലഭിക്കും.
രണ്ടായിരത്തിലധികം കാണികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തോടനുബന്ധിച്ച് കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ലോങ്ങ് ഐലൻഡ് താളലയം സംഘത്തിന്റെ ശിങ്കാരിമേളം, ട്രൈ സ്റ്റേറ്റ് ഡാൻസ് അക്കാദമിയുടെ ബോളിവുഡ് നൃത്തം, ഡിജെ വല്ലടൻ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നാടൻ മുതൽ ഇൻഡോ-മിഡിൽ ഈസ്റ്റ് വിഭവങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഭക്ഷണ ഇനങ്ങളോട് കൂടിയ ഫുഡ് ഫെസ്റ്റ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. പ്രവേശനം സൗജന്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2023-ൽ ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി പ്രവർത്തിക്കുന്ന യുവ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽസ് ക്ലബ്, മലയാളി സമൂഹത്തെ സാംസ്‌കാരിക-കായിക പരിപാടികളിലൂടെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. മലയാളി സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ബ്രാൻഡുകൾ സമൂഹത്തിൽ പരിചിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ക്ലബ് സജീവമാണ്.
സംഘടനയുടെ നേതൃത്വത്തിൽ റോയ് മറ്റപ്പിള്ളി (പ്രസിഡൻറ്), സാജൻ കുഴിപ്പറമ്പിൽ (വൈസ് പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ഷിബു എബ്രഹാം (ജോയിന്റ് സെക്രട്ടറി), ജോസുകുട്ടി പൊട്ടൻകുഴിയിൽ (ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. ബോർഡ് മെമ്പർമാരായ ബിജു മുപ്പ്രാപ്പള്ളി, ജോയൽ വിശാഖന്തറ, നിബു ജേക്കബ്, മനു അരയൻതാനത്ത്, സിജു ചെരുവകാല എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.




