കടമക്കുടി; പ്രകൃതിസൗഹൃദ ടൂറിസത്തിന്റെ പുതിയ സ്വപ്‌നപടവുകൾ

കടമക്കുടി : കടമക്കുടിയുടെ സമഗ്രവികസനത്തിനും ടൂറിസം സാധ്യതകൾക്കും പുതിയ ദിശാബോധം നൽകുന്ന ‘കടമക്കുടി, വാലി ഓഫ് ഹെവൻ’ അന്താരാഷ്ട്ര ടൂറിസം സെമിനാർ കോതാട് നിഹാര റിസോർട്ടിൽ നടന്നു. ടൂറിസം സംരംഭകരും വിദഗ്ധരും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത സെമിനാറിൽ കടമക്കുടിയുടെ ഭാവി ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചർച്ചകൾ നടന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾക്കും പരമാവധി ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗരേഖകൾക്കും വഴിയൊരുക്കുന്നതിൽ ഈ സെമിനാർ നിർണായകമായി.
സെമിനാറിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ പരിഗണിച്ച് കടമക്കുടിയുടെയും വൈപ്പിൻ മേഖലയുടെയും സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിനായി ഈ മാസം 25-ന് ഭൂമിയുടമകൾ, റിസോർട്ട്-ഹോംസ്റ്റേ ഉടമകൾ, വാട്ടർ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ യോഗം റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ വിളിച്ചുചേർക്കും. 30-ന് മുഖ്യമന്ത്രി കടമക്കുടി-ചാത്തനാട് പാലം ഉദ്ഘാടനം ചെയ്യും. വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവർ കടമക്കുടിയിൽ സംരംഭകരാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സബ് കളക്ടർ ഗ്രന്ഥസായി കൃഷ്ണ മുഖ്യാതിഥിയായി. കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് മേരി ജി, സെക്രട്ടറി രഘുരാമൻ, കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ ആർ. ഗിരിജ എന്നിവർ പ്രസംഗിച്ചു. ഹോംസ്റ്റേ ക്ലാസിഫിക്കേഷനെക്കുറിച്ച് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ വിഷയാവതരണം നടത്തി. അഡ്വഞ്ചർ ടൂറിസം ഓൺ വാട്ടർ സ്പോർട്സ് സിഇഒ ബിനു കുര്യാക്കോസ് സാഹസിക ടൂറിസത്തിന്റെ സാധ്യതകളും മാർഗരേഖകളും അവതരിപ്പിച്ചു. ഡിസൈൻ ഹബ് പ്രസിഡൻറ് കീർത്തി തിലകൻ, എസ്. ശ്രീജിത്ത്, മനോജ് പടമാടൻ എന്നിവർ വിവിധ വിഷയങ്ങൾ പങ്കുവെച്ചു.
സെമിനാറിൽ പ്രകൃതിസൗഹൃദ ടൂറിസത്തിന് മുൻഗണന നൽകണമെന്നും, കടമക്കുടിയുടെ തനതായ പ്രകൃതി സൗന്ദര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വികസനം മുന്നോട്ടുകൊണ്ടുപോകണമെന്നും നിർദേശങ്ങൾ ഉയർന്നു. കായൽ ടൂറിസവും ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രങ്ങളും കണ്ടൽക്കാടുകളും സംരക്ഷിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ വികസനം നടത്തണമെന്നും അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ അമേരിക്കയിലെ മലയാളികൾക്ക് കടമക്കുടിയെ പരിചയപ്പെടുത്താൻ സഹായം വാഗ്ദാനം ചെയ്തു.
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ മാധ്യമങ്ങളുടെ പങ്ക് പ്രത്യേകം ചൂണ്ടിക്കാട്ടി. മാതൃഭൂമി കടമക്കുടിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ടൂറിസം വികസനത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നും ഇത് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ ആർ. ഗിരിജ കൊച്ചിക്കായലിലെ ബോട്ടുസർവീസിനായി ഡ്രെജ്ജിങ് അനിവാര്യമാണെന്നും, ഫണ്ടിന്റെ കുറവ് മൂലം പലപ്പോഴും ഇത് നടത്താൻ കഴിയുന്നില്ലെന്നും പറഞ്ഞു. സ്വന്തം നിലയിൽ ഡ്രെജ്ജിങ് നടത്തി സർവീസ് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹസിക ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും, കയാക്കിങ്, സൈക്ലിങ് തുടങ്ങിയ പദ്ധതികൾ കടമക്കുടിക്ക് ഏറെ അനുയോജ്യമാണെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഹോംസ്റ്റേകൾക്ക് ക്ലാസിഫിക്കേഷൻ നൽകി സേവന നിലവാരം മെച്ചപ്പെടുത്തണമെന്നും നിർദേശം ഉയർന്നു.
ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് സെമിനാറിലെ നിർദേശങ്ങൾ അടിസ്ഥാനമാക്കി കർമപദ്ധതി തയ്യാറാക്കുമെന്ന് അറിയിച്ചു. കടമക്കുടിയെ സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും, നാട്ടുകാർക്ക് ഗുണം ലഭിക്കുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ബോധവത്കരണവും, ടൂറിസം സ്പോട്ടുകളുടെ മാപ്പിങ് നാല് മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.




