“തീവ്രവാദികൾക്ക് ഉചിതമായ മറുപടി നൽകി, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” – സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി ∙ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും, 140 കോടി ജനങ്ങൾക്ക് അഭിമാനത്തിന്റെ ഉത്സവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചതായി അദ്ദേഹം വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി പൂർത്തിയാക്കിയതിന് സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഏപ്രിൽ 22-ന് അതിർത്തിക്കപ്പുറം നിന്നെത്തിയ തീവ്രവാദികൾ നിരപരാധികളായ സാധാരണക്കാരെ മതത്തെക്കുറിച്ച് ചോദ്യം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം മുഴുവൻ രോഷാകുലമായിരുന്നുവെന്നും, അതിന് അതിശക്തമായ മറുപടിയാണ് സൈന്യം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
75 വർഷമായി ഇന്ത്യൻ ഭരണഘടന വിളക്കുമാടം പോലെ രാജ്യം മുന്നോട്ടു നയിച്ചുവരുന്നതായി മോദി പറഞ്ഞു. ഭരണഘടനാ ശിൽപ്പികൾക്ക് അദ്ദേഹം ആദരം അർപ്പിച്ചു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെ കുറിച്ച് പരാമർശിച്ച അദ്ദേഹം, “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല” എന്ന് മുന്നറിയിപ്പ് നൽകി.
ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസിന്റെ ‘തീരുവ ഭീഷണി’യെ പരോക്ഷമായി വിമർശിച്ച മോദി, സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടി. വൈകാതെ ഇന്ത്യയിൽ നിർമ്മിക്കുന്ന ചിപ്പുകൾ വിപണിയിൽ നിറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പല സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളെയും അദ്ദേഹം പരാമർശിച്ചു. ജീവൻ നഷ്ടപ്പെട്ടവർക്കു ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി.




