AmericaIndiaLatest NewsNews

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടം: അഞ്ച് പേർ മരിച്ചു, ഇന്ത്യക്കാരനും ഉൾപ്പെടുന്നു

ന്യൂയോർക്ക് : നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയെത്തുന്നതിനിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ ഭീകരാപകടത്തിൽ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരനും ഉൾപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:40ഓടെ ബഫലോയ്ക്ക് സമീപമുള്ള പെംബ്രോക്കിലാണ് അപകടം സംഭവിച്ചത്.

ആകെ 54 പേർ യാത്ര ചെയ്തിരുന്ന ബസാണ് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് മറിഞ്ഞത്. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിൽ പലരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചിലരെ മെഡിക്കൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പ്രത്യേക ചികിത്സയ്ക്കായി മാറ്റി. 16 വയസ്സിന് താഴെയുള്ള കുട്ടികളെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

മരിച്ചവരെ ന്യൂയോർക്ക് പൊലീസ് തിരിച്ചറിഞ്ഞു. ഇന്ത്യക്കാരനായ ശങ്കർ കുമാർ ഝാ (65), ചൈനയിലെ ബീജിങ്ങിൽ നിന്നുള്ള സീ ഹോങ്‌ഷുവോ (22), ജേഴ്‌സി സിറ്റിയിലെ ഷാങ് സിയോലാൻ (55), ജിയാൻ മിംഗ്ലി (56), ന്യൂജഴ്‌സിയിലെ ഈസ്റ്റ് ബ്രൺസ്‌വിക്കിൽ നിന്നുള്ള പിങ്കി ചാങ്‌റാനി (60) എന്നിവരാണ് ജീവൻ നഷ്ടപ്പെട്ടത്.

സ്റ്റേറ്റ് ഐലൻഡിലെ എം ആൻഡ് വൈ ടൂർ ഇൻകോർപ്പറേറ്റഡിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗമാണ് അപകടകാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് പലരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് കരുതുന്നു. ചിലർ ബസിൽ നിന്ന് തെറിച്ചുവീണപ്പോഴും, ചിലർ മണിക്കൂറുകളോളം വാഹനത്തിനകത്ത് കുടുങ്ങിക്കിടക്കുകയും ചെയ്തു.

ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന സംഘമാണ് യാത്ര ചെയ്തിരുന്നത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Show More

Related Articles

Back to top button