കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ്റെ സംസ്കാരം ശനിയാഴ്ച

കൊച്ചി : ആറു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയജീവിതത്തിൽ കോൺഗ്രസിന്റെ പ്രധാന നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ച പിപി തങ്കച്ചൻ്റെ നിര്യാണം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകിട്ട് 4.30ന് അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 15 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന തങ്കച്ചൻ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിന് വെക്കില്ല. ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിൽ സംസ്കാരം നടക്കും.
കോൺഗ്രസിൽ വിവിധ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ച തങ്കച്ചൻ, കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറുമായും സേവനമനുഷ്ഠിച്ചു. എ കെ ആൻറണി മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയിൽ കൃഷിമന്ത്രിയായും പ്രവർത്തിച്ചു. പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നു നാലുതവണ നിയമസഭയിൽ എത്തിയ അദ്ദേഹം, എറണാകുളം ഡിസിസി പ്രസിഡന്റും പെരുമ്പാവൂർ നഗരസഭാധ്യക്ഷനും ആയിരുന്നു. പാർട്ടിയുടെ നിർണായക രാഷ്ട്രീയ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു.
തങ്കച്ചൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എ കെ ആൻറണി, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.




